റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച പൂര്‍ണമായി, പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ‘യുദ്ധമില്ലാ മാനുഷിക ഇടനാഴി’

യുക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ പ്രത്യേക ഇടനാഴി രൂപീകരിക്കാനാണ് ധാരണയായത്.

ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകമേഖലകള്‍ ഉണ്ടാകും. അവിടെ സൈനിക നടപടികള്‍ ഒഴിവാക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യും. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ അജ്ഞാതമായ ഒരു മേഖലയില്‍ വച്ചായിരുന്നു പ്രതിനിധിചര്‍ച്ച. ചര്‍ച്ചയില്‍ ആഗ്രഹിച്ച ഫലമുണ്ടായില്ലെന്നും യുക്രൈനിയന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ മിഖായിലോ പൊദോല്യാക് ട്വിറ്ററില്‍ കുറിച്ചു.

സുമിയിലും ഖാര്‍കീവിലും കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ് ഈ തീരുമാനം. വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. അതിനിടെ യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറഞ്ഞു. യുക്രൈന്‍കാരും റഷ്യക്കാരും ഒരൊറ്റ ജനതയാണ്. തങ്ങള്‍ നേരിടുന്നത് നാസികളെയാണെന്നും പുടിന്‍ പറഞ്ഞു.

 

 

 

 

Top