മോസ്‌കോ: ഒടുവില്‍ അതും സംഭവിക്കുന്നു. യുക്രെയിനെ മുന്‍ നിര്‍ത്തി അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന ‘യുദ്ധ’ ത്തിനെതിരെ ശക്തമായി തിരിച്ചടിക്കാനാണ് റഷ്യ ഒരുങ്ങുന്നത്.അമേരിക്കയെയും യൂറോപ്പിനെയും ഭൂമുഖത്ത് തന്നെ തുടച്ചു നീക്കാന്‍ ശേഷിയുള്ള സാത്താന്‍ 2 എന്ന ലോകത്തെ ഏറ്റവും നശീകരണ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ സര്‍മാത്തിനെ ശരത് കാലത്തോടെ വിന്യസിക്കാനാണ് പദ്ധതി.
പത്തോ അതിലധികമോ ആണവ പോര്‍മുന വഹിക്കാനും, ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ആക്രമണം നടത്താനും ഈ അത്യാധുനിക മിസൈലിനു ശേഷിയുണ്ട്. ഈ മിസൈലിനെ തടുക്കാനുള്ള ശേഷി ഇന്ന് ലോകത്ത് മറ്റൊരു രാജ്യത്തിനുമില്ലന്നതും യാഥാര്‍ത്ഥ്യമാണ്.
മോസ്‌കോയില്‍ നിന്നും 3000 കിലോമീറ്റര്‍ കിഴക്ക് സൈബീരിയയിലെ ക്രോസ്‌നോയാര്‍സ്‌ക് മേഖലയില്‍ മിസൈലുകള്‍ വിന്യസിക്കുമെന്നാണ്, റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മേധാവി ദ് മിത്രി റോഗോസിന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത 40 വര്‍ഷത്തേക്ക് റഷ്യയുടെ സുരക്ഷ ഉറപ്പാക്കുന്ന ചരിത്ര നീക്കമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.യുക്രെയിനില്‍ റഷ്യ സൈനിക നടപടി തുടങ്ങിയതു മുതല്‍ നിലനില്‍ക്കുന്ന ആണവയുദ്ധ സാധ്യതക്കാണ്, ഇതോടെ വഴിതിരിവുണ്ടായിരിക്കുന്നത്.
റഷ്യയെ ഉപരോധിച്ചും, യുക്രെയിന് അത്യാധുനിക ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കിയും മുന്നോട്ടു പോകുന്ന നാറ്റോ സഖ്യത്തോടും യൂറോപ്യന്‍ യൂണിയനോടുമുള്ള പകയാണ്, ‘എന്തും ചെയ്തു കളയും’ എന്ന നിലയിലേക്ക് റഷ്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. നാറ്റോ സഖ്യത്തിലേക്ക് യുക്രെയിനെ ചേര്‍ക്കാനുള്ള അമേരിക്കന്‍ നീക്കമാണ്, റഷ്യ – യുക്രെയിന്‍ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. റഷ്യയുടെ കൂടുതല്‍ അയല്‍ രാജ്യങ്ങളെ നാറ്റോ യില്‍ ചേര്‍ത്ത്, അവിടങ്ങളില്‍ തന്ത്രപരമായ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അവര്‍ ഇപ്പോഴും ആ നിലപാട് തുടരുകയുമാണ്.
ഈ സാഹചര്യത്തിലാണ് റഷ്യയും രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയിരിക്കുന്നത് ‘ ലോകത്തെ ഏത് മിസൈലുകളെയും തകര്‍ക്കാന്‍ കഴിയുന്ന എസ് 400 ട്രയംഫ് റഷ്യയുടേതാണ്. ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ സുരക്ഷിതമാണിപ്പോള്‍ റഷ്യ. അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് ഇന്ത്യയും എസ് 400 റഷ്യയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ഇതിന്റെ ആദ്യ ബാച്ച് ഇന്ത്യയില്‍ ഇതിനകം തന്നെ എത്തി കഴിഞ്ഞിട്ടുമുണ്ട്. കൂടുതല്‍ പ്രഹര ശേഷിയുള്ള എസ് 400 ന്റെ നവീകരിച്ച പതിപ്പാണ് ഇന്ത്യക്കായി റഷ്യ നല്‍കുന്നത്. ഈ നിര്‍ണ്ണായക ഘട്ടത്തിലും റഷ്യയെ കൈവിടാത്ത പ്രധാന രാജ്യമാണ് ഇന്ത്യ. റഷ്യക്കെതിരെ നിലപാട് സ്വീകരിക്കാന്‍, അമേരിക്കയും, ബ്രിട്ടണും, ജപ്പാനുമെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ അതിനു ഇന്ത്യ വഴങ്ങിയിട്ടില്ല. റഷ്യ അടുത്ത സുഹൃത്തായി തന്നെ തുടരുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളെ റഷ്യക്കെതിരായി തിരിക്കാനുള്ള അമേരിക്കന്‍ ശ്രമവും ഇതിനകം തന്നെ പരാജയപ്പെട്ടിട്ടുണ്ട്.
അതേസമയം, സാത്താന്‍ 2 ‘അമേരിക്കക്ക് എതിരെ തിരിക്കാനുള്ള റഷ്യന്‍ നീക്കം, ലോക രാജ്യങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ, റഷ്യയെ അനുനയിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ തന്നെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.റഷ്യന്‍ – യുക്രെയിന്‍ യുദ്ധം നീണ്ടാല്‍, അത് ആണവായുധ പ്രയോഗത്തില്‍ കലാശിക്കുമെന്നതാണ് യു.എന്‍ വിലയിരുത്തല്‍. യുക്രെയിനെ മാത്രമല്ല, അമേരിക്കയെയും സഖ്യകക്ഷികളെയും പോലും ലക്ഷ്യമിടുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയതിനാല്‍, എങ്ങനെയും യുക്രെയിന്‍ – റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനാണ് യു.എന്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് ഉടന്‍ തന്നെ റഷ്യയും യുക്രെയിനും സന്ദര്‍ശിക്കും. ആദ്യ സന്ദര്‍ശനം റഷ്യയിലാണ്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചക്കാണ് ഗട്ടറസ് പ്രാധാന്യം കൊടുക്കുന്നത്. ഇതിനു ശേഷമായിരിക്കും യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി അദ്ദേഹം ചര്‍ച്ച നടത്തുക. റഷ്യന്‍ സൈനിക ഇടപെടലിനെ യു.എന്‍ നേതൃത്വം അപലപിച്ചതിനാല്‍, പുടിന്റെ സമീപനം എന്തായിരിക്കും എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്.
ഇതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദര്‍ശിക്കുന്നതും റഷ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉക്രൈന്‍ അധിനിവേശത്തിന് ശേഷം അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
റഷ്യന്‍ സൈന്യം നടത്തിയ കനത്ത ആക്രമണത്തില്‍ പീരങ്കി ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന ഖാര്‍കിവ് മേഖലയിലെ നാല് ആയുധ ഡിപ്പോകള്‍ ഉള്‍പ്പെടെ ഒമ്പത് ഉക്രേനിയന്‍ സൈനിക ലക്ഷ്യങ്ങള്‍ ഒറ്റരാത്രികൊണ്ട് തവിടു പൊടിയായിട്ടുണ്ട്. റഷ്യയുടെ കൃത്യതയുള്ള മിസൈലുകളാണ് ഈ പ്രഹരം നല്‍കിയിരിക്കുന്നത്. പാശ്ചാത്യ ശക്തികള്‍ നല്‍കിയ ആയുധങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങളാണ് ചാരമായിരിക്കുന്നത്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ യുക്രെയിന്‍ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുമെന്നാണ് റഷ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒറ്റ ബോംബില്‍ തീര്‍ക്കാമായിരുന്ന യുക്രെയിനില്‍, റഷ്യ നടത്തുന്നത് യുദ്ധമല്ലന്നും ,സൈനിക ഓപ്പറേഷന്‍ മാത്രമാണ് എന്നുമാണ് റഷ്യ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഈ ‘മര്യാദ’ അധിനിവേശം നടത്തിയ രാജ്യങ്ങളില്‍ അമേരിക്ക കാട്ടിയിട്ടില്ലന്ന വാദം നയതന്ത്ര വിദഗ്ദരും ശരിവയ്ക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ മൂന്നാം ലോക മഹായുദ്ധം അല്ലങ്കിലും, ഇപ്പോള്‍ നടക്കുന്നത് മറ്റൊരു തരത്തില്‍ നോക്കിയാല്‍ ലോക മഹായുദ്ധം തന്നെയാണെന്നാണ് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയുടെയും ബ്രിട്ടന്റെയും പരിശീലനം ലഭിച്ച യുക്രെയിന്‍ സൈന്യമാണ് പോരാടുന്നത്. ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ, ഏറിയ പങ്കും നാറ്റോ സഖ്യം നല്‍കിയതാണ്. വിനാശകരമായ ആയുധങ്ങളും ടെക്നോളജിയും അമേരിക്ക യുക്രെയിന് നല്‍കിയിട്ടുണ്ട്. അവരോടാണ് റഷ്യന്‍ സൈന്യം ഏറ്റുമുട്ടുന്നത്. അതും മാരക ആയുധങ്ങള്‍ ഉപയോഗിക്കാതെ എന്നതും ശ്രദ്ധേയമാണ്. പരമാവധി സിവിലിയന്‍ മരണം ഒഴിവാക്കുന്നതിനു വേണ്ടി മാത്രമല്ല, യുക്രെയിനെ ഒരു ശവപ്പറമ്പായി കാണാന്‍ റഷ്യ ആഗ്രഹിക്കാത്തതു കൊണ്ടു കൂടിയാണ്, ഈ ജാഗ്രത പാലിക്കുന്നത്. അമേരിക്ക ആയിരുന്നു റഷ്യയുടെ സ്ഥാനത്തെങ്കില്‍, ആദ്യം ബോംബിട്ട് പൂര്‍ണ്ണമായും നശിപ്പിച്ച ശേഷമാകും ആ മണ്ണില്‍ കാലു കുത്തുമായിരുന്നത്. അമേരിക്കയുടെ അധിനിവേശ ചരിത്രം പരിശോധിച്ചാല്‍ അതും ലോകത്തിനു മനസ്സിലാകുന്നതാണ്. ഇതു തന്നെയാണ് നയതന്ത്ര വിദഗ്ദരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.