ഡമാസ്‌കസ്: സിറിയയില്‍ ഐഎസ് ഭീകരർക്ക് നേരെ റഷ്യയുടെ ആക്രമണം.
ഐഎസ് നിയന്ത്രണത്തിലുള്ള ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ഭീകര ഒളിത്താവളങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഐഎസ് മേഖലകളിൽ ആക്രമണം നടത്തിയ വിവരം റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
നവംബര്‍ 15ന് ശേഷം റഷ്യന്‍ പോര്‍വിമാനങ്ങള്‍ നടത്തുന്ന ആറാമത്തെ വ്യോമാക്രമണമാണിത്.
റഷ്യയുടെ ആറ് ടിയു-22 എം3 ലോംഗ് റേഞ്ച് ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്.
മെയ്മിം വ്യോമത്താവളത്തില്‍ നിന്നുള്ള റഷ്യയുടെ എസ്യു 30 പോര്‍വിമാനങ്ങളും ഒപ്പമുണ്ടായിരുന്നു.
മിഷന്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനങ്ങള്‍ തിരികെ വ്യോമാത്താവളത്തിലേക്ക് പോയി.
തീവ്രവാദികൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സിറിയന്‍ സൈന്യത്തിന് പിന്തുണയുമായാണ് റഷ്യന്‍ ആക്രമണം.
സിറിയയിലെ റഷ്യന്‍ സൈനിക നടപടി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു.