മോസ്‌കൊ: യുക്രെയിനില്‍ നടത്തുന്ന യുദ്ധത്തിന് ആ പേര് പരാമര്‍ശിച്ചാല്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് റഷ്യയില്‍ മുന്നറിയിപ്പ്.
അധിനിവേശം, ആക്രമണം, യുദ്ധ പ്രഖ്യാപനം എന്നിങ്ങനെ പേരുകളൊന്നും യുക്രെയിനില്‍ നടത്തുന്ന രക്തരൂക്ഷിതമായ സൈനിക നടപടിയ്ക്ക് വിളിക്കരുതെന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പകരം ‘പ്രത്യേക ഓപ്പറേഷന്‍’ എന്നാണ് പറയേണ്ടത്. ഇക്കാര്യം സൂചിപ്പിച്ച് സ്‌കൂളുകളില്‍ പ്രത്യേക ക്ലാസുകളും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച മുതലാണ് ഇത്തരത്തില്‍ സാമൂഹ്യ പാഠം ക്ലാസുകളില്‍ യുദ്ധം പശ്ചാത്തലമായ പ്രത്യേക ക്ലാസുകള്‍ തുടങ്ങിയത്. ഏഴ് മുതല്‍ 11 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യുക്രെയിനിലെ യുദ്ധം ‘പ്രത്യേക ഓപ്പറേഷന്‍’ എന്ന പേരിലാണ് അദ്ധ്യാപകര്‍ പഠിപ്പിക്കേണ്ടത്.
20ാം നൂറ്റാണ്ടുവരെ യുക്രെയിന്‍ എന്ന രാജ്യം നിലനിന്നിരുന്നില്ല. അമേരിക്ക സ്ഥാപിച്ച പാവ ഭരണകൂടം 2014ല്‍ അവിടെ രക്തരൂക്ഷിതമായ അട്ടിമറിക്ക് വിധേയമായി. നാറ്റോയും അമേരിക്കയും എങ്ങനെ റഷ്യന്‍ സുരക്ഷയെ വിലകുറച്ചുകണ്ടുവെന്നും അതിനാലാണ് പ്രത്യേക ഓപ്പറേഷന്‍ വേണ്ടിവന്നതെന്നും പാഠഭാഗത്തിലുണ്ട്. കുട്ടികള്‍ യുദ്ധത്തിനെതിരായ സമൂഹമാദ്ധ്യമങ്ങളിലെ ക്യാമ്പയിനുകളില്‍ പെടാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് സ്‌കൂളുകളില്‍ നിന്ന് രക്ഷകര്‍ത്താക്കള്‍ക്ക് നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.