ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ നിര്‍മിത കാമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് നിര്‍മാണ ചെലവുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.
യുദ്ധാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന 200 കാമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചെങ്കിലും അവയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുക.
60 ഹെലികോപ്റ്ററുകള്‍ റഷ്യ നിര്‍മിച്ച് ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. ബാക്കി 140 എണ്ണവും ഇന്ത്യയിലാണ് നിര്‍മിക്കുക. എന്നാല്‍ ഇതിന് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹെലികോപ്റ്ററുകളേക്കാള്‍ രണ്ടര മടങ്ങ് വില അധികമാകുമെന്നാണ് കരുതുന്നത്.
റഷ്യന്‍ കമ്പനിയായ കാമോവ്, ഇന്ത്യന്‍ കമ്പനിയായ എച്ച്എഎല്‍, സ്വകാര്യ മേഖല എന്നിങ്ങനെ സംയുക്ത സംരംഭമായാണ് ഇന്ത്യയില്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുക. ഇതിനായി തൊഴിലാളികള്‍, ഭൂമി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതായി വരുന്നതിനാലാണ് നിര്‍മാണ ചെലവ് കൂടുന്നത്. അടുത്തമാസം റഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ സമവായം ഉണ്ടാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇരുരാജ്യങ്ങളും തമ്മില്‍ ഹെലികോപ്റ്റര്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ തുടരുകയാണ്. ഹെലികോപ്റ്ററിന്റെ സാങ്കേതിക വിദ്യ കൈമാറുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് കരാര്‍. ഭാവിയില്‍ പൂര്‍ണമായും ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുദ്ദേശിച്ചുള്ളതാണ് കരാര്‍.
സിയാച്ചിന്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് കാമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ചീറ്റ, ചേതക് കോപ്റ്ററുകള്‍ കാലഹരണപ്പെട്ടതാണ് പുതിയത് വാങ്ങാനുള്ള കാരണം.