ചൈനയുമായി എത്ര വലിയ അടുപ്പം ഉണ്ടായാലും ഇന്ത്യയെ വിട്ടൊരു കളിക്കും റഷ്യ തയ്യാറാവുകയില്ല. അക്കാര്യം വീണ്ടും ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്.
ഇന്ത്യൻ സൈന്യം റഷ്യയുമായി ചരിത്രപരമായ ഇടപാട് നടത്താൻ പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിക്കായാണ് അവർ കാത്തുനിൽക്കുന്നത്. അത് കൂടി ലഭിച്ചാൽ റഷ്യയുടെ ‘വൈറ്റ് സ്വാൻ’ എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ ബോംബർ ജെറ്റ് ഇന്ത്യൻ എയർഫോഴ്‌സിന് സ്വന്തമാകും. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബോംബർ ജെറ്റാണ് വൈറ്റ് സ്വാൻ. ലോകത്തിലെ ഏറ്റവും നൂതനമായ ഈ ബോംബർ ജെറ്റ് കൂടി ലഭിക്കുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി ഇരട്ടിയാകും. അമേരിക്കയുടെയും ചൈനയുടെയും ആധുനിക ബോംബർ ജെറ്റുകൾ റഷ്യയുടെ വൈറ്റ് സ്വാനിനു മുന്നിൽ ഒന്നുമല്ല. ചൈനയുടെ ചങ്കിടിപ്പിക്കുന്ന നീക്കമാണ് അണിയറയിൽ നടക്കുന്നത്. അമേരിക്കയ്ക്ക് എതിരെ ചൈനയുമായി സഹകരിക്കുമെങ്കിലും ഇന്ത്യക്കെതിരായ ഒരു നീക്കത്തെയും ഭാവിയിലും പിന്തുണയ്ക്കില്ലന്ന നിലപാടാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പ്രതിരോധ സംവിധാനം എസ്-400 ട്രയംഫും റഷ്യയുടേതാണ്. അതും ചൈനയുടെ എതിർപ്പ് മറികടന്നാണ് ഇന്ത്യയ്ക്ക് റഷ്യ നൽകിയിരുന്നത്. ഇന്ത്യൻ അതിർത്തി ലംഘിക്കാതെ തന്നെ പാക്കിസ്ഥാനെയും ചൈനയെയും ആക്രമിക്കാൻ ശേഷിയുള്ള റഫേൽ യുദ്ധവിമാനങ്ങൾ ഇതിനകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. വൈറ്റ് സ്വാൻ കൂടി എത്തുന്നതോടെ ഒരേസമയം, പാക്കിസ്ഥാൻ്റെയും ചൈനയുടെയും ഭീഷണിയെ അതിജീവിക്കാൻ മാത്രമല്ല വേണ്ടിവന്നാൽ കടന്നാക്രമിക്കാനും ഇന്ത്യക്കു കഴിയും.
മുൻ വ്യോമസേനാ മേധാവി അരൂപ് റാഹയാണ് റഷ്യയുടെ ഈ വിനാശകാരിയായ ബോംബർ ജെറ്റ് ഇന്ത്യക്ക് നൽകുന്നതിനെ കുറിച്ച് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നത്. ന്യൂഡൽഹിയിൽ ചാണക്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ഈ വിവരം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു. ഉക്രെയ്നിനെതിരായ യുദ്ധത്തിൽ റഷ്യ ഈ തന്ത്രപ്രധാനമായ ബോംബറുകൾ വ്യാപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
‘വൈറ്റ് സ്വാൻ’ ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് ആയുധമാണ്. ടോപ്ലോവ് ടു-160 എന്നാണ് ഇതിന്റെ പേര്. നാറ്റോ ഇതിന് ബ്ലാക്ക് ജാക്ക് എന്നാണ് പേരിട്ടുരുന്നത്. 1970ൽ ആണ് ഈ സൂപ്പർസോണിക് ജെറ്റ് റഷ്യ രൂപകല്പന ചെയ്തത് എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. 1987-ൽ സോവിയറ്റ് യൂണിയൻ ഈ ബോംബർ ജെറ്റ് ഉപയോഗിച്ച് തുടങ്ങി. വർഷം 2000 ആയപ്പോൾ ജെറ്റിൽ നിരവധി ഇലക്ട്രോണിക് സംവിധാനങ്ങൾ സ്ഥാപിച്ച് റഷ്യ വൈറ്റ് സ്വാനെ ‘അപ്ഡേറ്റ്’ ചെയ്തു. 2014 ഡിസംബറിൽ ആയിരുന്നു ആദ്യ ഡെലിവറി.
വൈറ്റ് സ്വാൻ
ഇതുവരെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബോംബർ ജെറ്റ് ഇല്ല അത് കൊണ്ട് തന്നെ രാജ്യത്തെ സംബന്ധിച്ച് ഈ കരാർ ഏറെ നിർണായകമാണ്. ശത്രുരാജ്യത്ത് നിശബ്ദമായി ബോംബ് വർഷിച്ച് മടങ്ങുന്ന വിമാനമാണിത്. അത് ഇന്ത്യക്ക് കൂടി സ്വന്തമാകുമ്പോൾ ബാലാകോട്ട് പോലെയുള്ള വ്യോമാക്രമണങ്ങൾ കൂടുതൽ ശക്തമായി നടത്താൻ കഴിയും. 40,026 അടി ഉയരത്തിൽ മണിക്കൂറിൽ 2220 കിലോമീറ്റർ വേഗതയിൽ ഈ ബോംബർ ജെറ്റിന് പറക്കാൻ കഴിയും. 12,300 കിലോമീറ്റർ വരെ ഒരേ സമയം പറക്കും.
177.6 അടി നീളമുള്ള ജെറ്റിന് 182.9 അടി വീതിയുള്ള ചിറകുകളുണ്ട്. 43 അടിയാണ് ഉയരം. 1.10 ലക്ഷം കിലോയാണ് വിമാനത്തിന്റെ ഭാരം. പറന്നുയരുമ്പോൾ ഭാരം 2.75 ലക്ഷം കിലോ വരെ എത്തുന്നു. ഒരു പൈലറ്റ്, ഒരു കോ-പൈലറ്റ്, ഒരു ബോംബർഡിയർ, ഒരു ഡിഫൻസീവ് സിസ്റ്റം ഓഫീസർ എന്നിവർ ഉൾപ്പെടുന്ന നാല് എയർമാൻമാരുടെ സംഘമാണ് ഈ ബോംബർ ജെറ്റ് പറത്തുന്നത്. യുദ്ധത്തിൽ 2000 കിലോമീറ്ററുള്ള കോംബാറ്റ് റേഞ്ച് സബ്‌സോണിക് വേഗത ഉപയോഗപ്പെടുത്തി 7300 കിലോമീറ്ററായി ഉയർത്താനും വൈറ്റ് സ്വാന് സാധിക്കും. പരമാവധി 52,000 അടി ഉയരത്തിലാണ് വൈറ്റ് സ്വാൻ പറക്കുക.
റഫാൽ
അമേരിക്കയും റഷ്യയും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത്തരം ബോംബറുകൾ സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്. ചൈനീസ് വ്യോമസേനയും പിന്നീട് ഇത് വികസിപ്പിച്ചെടുത്തു. എന്നാൽ ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായ ഇന്ത്യയിൽ യുദ്ധവിമാന ബോംബറുകൾ മാത്രമേയുള്ളൂ. ശത്രുവിനെ അകലത്തിൽ നിന്ന് തന്നെ എയർ-ടു-ഗ്രൗണ്ട് അറ്റാക്ക് ചെയ്യാൻ കഴിയുമെന്നതാണ് സ്ട്രാറ്റജിക് ബോംബറുകളുടെ ഏറ്റവും വലിയ പ്രത്യേകത.
2021 നവംബറിൽ ചൈനീസ് എയർഫോഴ്‌സ് ഇന്ത്യൻ അതിർത്തിക്ക് സമീപം ദീർഘദൂര H-6K ബോംബർ വിന്യസിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതേ മാസം 11 ന് വീണ്ടും ഹിമാലയത്തിലൂടെ ഈ വിമാനം പറത്തിയെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. ഇതോടെയാണ് ബോംബർ വിമാനങ്ങൾ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യയ്ക്കും അനിവാര്യമായത്.
പാകിസ്ഥാനെ നേരിടാൻ ബോംബർ വിമാനം ആവശ്യമില്ലെങ്കിലും, ചൈനയെ നേരിടാൻ അത് നിർബന്ധമാണ്. ചൈന തങ്ങളുടെ ഏറ്റവും പുതിയ ബോംബർ എച്ച്-20 വിമാനം അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഇന്ത്യക്ക് ഇത് കൂടിയേ തീരൂ എന്നതാണ് നിലവിലെ അവസ്ഥ.
H-6K ബോംബർ
അമേരിക്കൻ B-1 സ്ട്രാറ്റജിക് ബോംബറിനെ മറികടക്കുന്ന ബോംബറായതിനാൽ ഇന്ത്യ ഇത് വാങ്ങുന്നതോടെ അമേരിക്കയുടെ ഉപരോധത്തിനും സാധ്യത ഏറെയാണ്. എസ് 400 ട്രയംഫ് വാങ്ങുമ്പോഴും ഇതേ ഉപരോധ ഭീഷണി അമേരിക്ക മുഴക്കിയെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. ഇന്ത്യയെ ശത്രു വാക്കാൻ പറ്റാത്ത അവസ്ഥ നിലവിൽ അമേരിക്കയ്ക്കും ഉണ്ട്. ചൈനയെ നേരിടാൻ ഇന്ത്യയുടെ സഹായമില്ലാതെ ഒരിക്കലും അമേരിക്കയ്ക്കു കഴിയുകയുമില്ല. അതു തന്നെയാണ് ഇന്ത്യയുടെ ആത്മവിശ്വാസവും.
റിപ്പോർട്ട് : ഷിഹാബ് മൂസ