ന്യൂയോര്‍ക്ക്: അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്ത്രീകള്‍ ഒരു ബലഹീനതയാണെന്ന് ലോകം മുഴുവന്‍ അറിയാം. സുന്ദരികളെ കണ്ടാല്‍ അദ്ദേഹം വെറുതേ വിടാറില്ല. അവര്‍ പറഞ്ഞാല്‍ എന്തുകാര്യവും സാധിച്ചുകൊടുക്കുകയും ചെയ്യും. ട്രംപിന്റെ ഈ ബലഹീനത നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.
ഇക്കാര്യം ഉദാഹരണ സഹിതം വ്യക്തമാക്കുകയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച സ്റ്റെഫാനി ഗ്രിഷാം. ട്രംപ് ഭരണകാലത്ത് ഒന്‍പത് മാസക്കാലം പ്രസ് സെക്രട്ടറിയായിരുന്ന ഗ്രിഷാം എഴുതിയ ‘ഐ വില്‍ ടേക്ക് യുവര്‍ ക്വസ്റ്റ്യന്‍ നൗ’ എന്ന പുസ്തകത്തിലാണ് ട്രംപിന്റെ വീക്ക്നെസില്‍ കയറിപ്പിടിച്ചുള്ള പുടിന്റെ തന്ത്രങ്ങളെക്കുറിച്ച് വിവരിക്കുന്നത്.
2019 ലെ ജി 20 ഉച്ചകോടിയില്‍ സുന്ദരിയായ ദ്വിഭാഷിയെ പുടിന്‍ തനിക്കൊപ്പം കൊണ്ടുവന്നത് ട്രംപിനെ കറക്കിയെടുക്കാനായിരുന്നുവെന്നാണ് സ്റ്റെഫാനി പറയുന്നത്. നീണ്ട മുടിയും സുന്ദരമായ കണ്ണുകളും സ്വര്‍ണത്തിന്റെ നിറവുമുളള അതിമനോഹരിയെ ഉച്ചകോടി തുടങ്ങിയതുമുതല്‍ ട്രംപ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മറ്റുരാഷ്ട്ര നേതാക്കള്‍ ചുറ്റും ഉണ്ടെന്നതുപോലും മറന്നാണ് പുടിന്റെ ദ്വിഭാഷിയെ ട്രംപ് നോക്കിയിരുന്നത്. ഇതെല്ലാം കണ്ട് സമീപത്ത് ഊറിച്ചിരിച്ച് പുടിനുമുണ്ടായിരുന്നു.
അന്നത്തെ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അത് തെളിയിക്കുന്നുമുണ്ട്. കൂടിക്കാഴ്ചകളില്‍ ട്രംപിന് നേരേ എതിര്‍ദിശയില്‍ തന്നെ ആ സുന്ദരിയെ ഇരുത്താനും പുടിന്‍ ശ്രദ്ധിച്ചിരുന്നു എന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം ട്രംപിനെ ചൊല്‍പ്പടിക്ക് നിറുത്താന്‍ മുന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ പുടിന്‍ പുറത്തെടുത്ത മറ്റുവഴികളെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. തനിക്ക് അനുകൂലമായ പല കാര്യങ്ങളും ഇതിലൂടെ പുടിന്‍ നേടിയെടുത്തു എന്നാണ് കരുതുന്നത്.
തനിക്ക് ട്രംപില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും സ്റ്റെഫാനി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഒരിയ്ക്കല്‍ തന്നെ വിളിച്ച് ട്രംപ് തന്റെ ലിംഗത്തിന്റെ പ്രത്യേകതകളെ കുറിച്ച് വര്‍ണിച്ചിരുന്നുവെന്നും താന്‍ കിടപ്പറയില്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് കാമുകനോട് ചോദിച്ചെന്നുമാണ് സ്റ്റെഫാനി പറയുന്നത്.
അതേസമയം, പുസ്തകത്തില്‍ പറയുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് ട്രംപിന്റെ വക്താവ് പറയുന്നത്. ‘അസന്തുഷ്ടയായ മുന്‍ ജീവനക്കാരി’ എന്നാണ് ട്രംപിന്റെ വക്താവ് സ്റ്റെഫാനിയെ വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ കുടുംബത്തെ കുറിച്ചുള്ള നുണകള്‍ വില്‍ക്കുവാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു.