യു.എസ്സിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍

മോസ്‌കോ: യു.എസ്സിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. യുക്രൈനുമായുള്ള യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ സാങ്കേതികമായി സജ്ജമാണെന്ന് പുതിന്‍ പറഞ്ഞു. അതേസമയം, നിലവില്‍ യുക്രൈനില്‍ ആണവയുദ്ധത്തിലേക്ക് കടക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലേക്ക് യു.എസ്. സൈന്യത്തെ അയച്ചാല്‍ അത് വലിയ യുദ്ധത്തിന് വഴിതുറക്കുമെന്നും പുതിന്‍ മുന്നറിയിപ്പ് നല്‍കി.

‘റഷ്യന്‍ പ്രദേശങ്ങളിലോ യുക്രൈനിലോ അമേരിക്ക തങ്ങളുടെ സൈന്യത്തെ വിന്യസിച്ചാല്‍ ആ നീക്കത്തെ യുദ്ധത്തിലുള്ള ഇടപെടലായി റഷ്യ കണക്കാക്കും. റഷ്യ-അമേരിക്ക ബന്ധം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായവര്‍ യു.എസ്സിലുണ്ട്. അതുകൊണ്ട് ആണവയുദ്ധത്തിലേക്ക് എടുത്തുചാടേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍, ഞങ്ങള്‍ അതിന് സജ്ജരാണ്’, പുതിന്‍ പറഞ്ഞു.

1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷം ഇപ്പോള്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ചപ്പോഴാണ് റഷ്യ-യു.എസ്. ബന്ധം ഇത്ര വഷളായത്. യുക്രൈനില്‍ യു.എസ്. സൈന്യത്തെ വിന്യസിച്ചാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് പുതിന്‍ നേരത്തേയും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ കടന്നുകയറി യുദ്ധം ആരംഭിച്ചത്.റൊസ്സിയ-1 ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. റഷ്യയിലെ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് പുതിന്റെ അഭിമുഖം.

Top