അങ്കാര : റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. വ്യാപാര നടപടികളിലൂടെ തുര്‍ക്കിയെ അച്ചടക്കം പഠിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കേണ്ടെന്നും എസ് 400 മിസൈലുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി കരാര്‍ ഒപ്പിട്ടെന്നും ഉര്‍ദുഗാന്‍ അറിയിച്ചു.
എസ് 500 വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭാവിയില്‍ തീരുമാനമെടുക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. മിസൈല്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തെത്തിയ സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ പ്രതികരണം.
മിസൈല്‍ വാങ്ങാനുള്ള നീക്കം തുടരുകയാണെങ്കില്‍ തുര്‍ക്കിയുമായി ഭാവിയില്‍ നടത്താന്‍ തീരുമാനിച്ച ആണവായുധ കൈമാറ്റങ്ങളെ കുറിച്ച് വീണ്ടും ചിന്തിക്കേണ്ടിവരുമന്നും അമേരിക്ക അറിയിച്ചിരുന്നു. അമേരിക്ക നിര്‍മ്മിച്ച അത്യാധുനിക സംവിധാനമായ എഫ്35 യുദ്ധ വിമാനങ്ങള്‍ തുര്‍ക്കിക്ക് നല്‍കാന്‍ ധാരണ ആയിരുന്നു. ഈ കരാറിന്റെ ഭാഗമായി രണ്ട് എഫ് 35 യുദ്ധ വിമാനങ്ങള്‍ കൈമാറ്റം നടത്തുകയും ചെയ്തു.
എന്നാല്‍ റഷ്യയുടെ എസ് 400 മിസൈലുകള്‍ അമേരിക്കയുടെ എഫ് 35 യുദ്ധ വിമാനങ്ങളേക്കാള്‍ ഫലം ചെയ്യുമെന്നാണ് പെന്റഗണിന്റെ കണക്കു കൂട്ടല്‍.
അതുകൊണ്ട് തന്നെ തുര്‍ക്കി റഷ്യയുമായി കരാര്‍ തുടര്‍ന്നാല്‍ ഇത് ഭാവിയില്‍ അമേരിക്കയുടെ എഫ് 35 വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറുകള്‍ക്ക് എതിരായി മാറുമെന്നാണ് പെന്റഗണിന്റെ കണക്കുകൂട്ടല്‍. എസ് 300 മിസൈലുകളുടെ സാങ്കേതികത കണക്കിലെടുത്ത് ചൈന, സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ എസ് 400 മിസൈലുകള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.