കീവ്: യുക്രെയ്ന്‍ അധിനിവേശം തുടരുന്ന റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ശീതകാലാവസ്ഥ. യുക്രെയ്നിലെ തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സന്നാഹങ്ങള്‍ ഇല്ലാത്തതാണ് റഷ്യന്‍ സൈന്യത്തിന് വിനയാവുന്നത്. തണുപ്പുമൂലം ശരീരവീക്കമുണ്ടാവുന്ന അവസ്ഥയിലൂടെയാണ് റഷ്യന്‍ സൈനികര്‍ കടന്നു പോകുന്നത്.
കേഴ്സണ്‍, ഇസിയും നഗരങ്ങള്‍ റഷ്യന്‍ ആധിപത്യത്തില്‍ നിന്നും തിരിച്ചു പിടിക്കാന്‍ യുക്രെയ്ന് സാധിച്ചതായും യുഎസ് ചൂണ്ടിക്കാട്ടുന്നു. യുക്രെയ്നിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിക്കാനായി മറ്റ് രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈന്യത്തെ റഷ്യ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ആഴ്ചകളില്‍ സൈന്യം യുക്രെയ്ന്‍ പൗരന്മാരെ കൂടുതലായി ആക്രമിക്കുന്നതായി കാണുന്നുണ്ടെന്നും അമേരിക്ക പറയുന്നു.
അതേസമയം, കീവുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാനമായ പല നഗരങ്ങളും തങ്ങള്‍ തിരിച്ചെടുത്തതായി യുക്രെയ്ന്‍ അറിയിച്ചു. റഷ്യന്‍ സേനയുമായി കടുത്ത പോരാട്ടത്തിന് പിന്നാലെ കീവിന്റെ പ്രാന്തപ്രദേശമായ മകരിവ് തിരികെ പിടിച്ചെടുത്തുവെന്നും ഇവിടെ തങ്ങളുടെ സേനയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം ലഭിച്ചുവെന്നും യുക്രേനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍, വടക്ക് പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളായ ബുച്ച, ഹൊസ്റ്റോമല്‍, ഇര്‍പിന്‍ എന്നിവ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യന്‍ സേന അവകാശപ്പെടുന്നത്.
റഷ്യ ഇപ്പോള്‍ മരിയുപോള്‍ പിടിച്ചെടുക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരിയുപോളില്‍ റഷ്യ തുടര്‍ച്ചയായി ഷെല്‍ ആക്രമണം തുടരുന്നതായി ഇവിടം വിട്ടുപോകുന്ന സാധാരണക്കാര്‍ പറയുന്നു. പുറം ലോകവുമായി ഈ നഗരത്തിലുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.