കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചു. റഷ്യന്‍ ടാങ്കുകള്‍ തലസ്ഥാന നഗരത്തിലെ ജനവാസമേഖലകളില്‍ എത്തി. യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ ഔദ്യോഗിക വസതി ഉള്‍പ്പടെ പല പ്രധാനപ്പെട്ട ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് കീവിലാണ്. ഇതിന്റെയെല്ലാം നിയന്ത്രണം റഷ്യന്‍ സൈന്യം ഉടന്‍ ഏറ്റെടുക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. രക്ഷപ്പെടാനായി അദ്ദേഹം മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാന്‍ സാധ്യതയുണ്ട്.
റഷ്യന്‍ സൈന്യത്തിന്റെയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു. തന്നെ ഇല്ലാതാക്കാന്‍ റഷ്യന്‍ ശ്രമമുണ്ട്. ഇതിനായി റഷ്യയുടെ പ്രത്യേക സംഘങ്ങള്‍ തലസ്ഥാനമായ കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.