യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നുള്ള റഷ്യന്‍ സേനാ പിന്മാറ്റം, മുഖവിലയ്‌ക്കെടുക്കാതെ അന്താരാഷ്ട്ര വിദഗ്ദ്ധര്‍

മോസ്‌കോ: ടാങ്കുകളും ആയുധങ്ങളും മറ്റ് യുദ്ധവാഹനങ്ങളും ട്രെയിനില്‍ മടക്കി അയക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് യുക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നും മടങ്ങുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഈ അറിയിപ്പ് അമേരിക്ക ഉള്‍പ്പടെ വിവിധ രാജ്യങ്ങളും സാഹചര്യം പഠനവിധേയമാക്കിയ വിദഗ്ദ്ധരും ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

സാറ്റലൈറ്റ് ചിത്രങ്ങളും ഗ്രൗണ്ട് വീഡിയോ വിവരങ്ങളും അടങ്ങുന്ന പൊതു ഡൊമെയ്ന്‍ വിവരങ്ങള്‍ നിരീക്ഷിച്ച വിദഗ്ദ്ധര്‍ റഷ്യന്‍ സൈന്യത്തിന്റെ ഓരോ നീക്കവും രേഖപ്പെടുത്തുന്നുണ്ട്. അത്തരത്തിലെ ഒരു വിദഗ്ദ്ധനായ കൊണ്‍റാഡ് മുസൈകയുടെ അഭിപ്രായത്തില്‍ റഷ്യയുടെ പ്രഖ്യാപനം സ്വീകാര്യമാണ് എന്നാല്‍ അതിനര്‍ത്ഥം പണ്ട് ചെയ്തതുപോലെ യുക്രെയിന്റെ അതിര്‍ത്തി ഭാഗങ്ങളില്‍ റഷ്യ സൈനികരെ വിന്യസിക്കും എന്നാണ്. ഏതാനും ദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷമേ ആക്രമണം ഉണ്ടാകില്ലെന്ന് പറയാനാകൂ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ക്രിമീയയില്‍ ഏകദേശം 1,50,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് ഊഹം. ഇവര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയോ ബലാറസില്‍ പരിശീലനം നടത്തി യുക്രെയിന് നേരെ പ്രകോപനം സൃഷ്ടിക്കുകയോ ആണ്. റഷ്യ ഇപ്പോള്‍ പിന്‍വലിച്ചതായി അറിയിച്ച സൈന്യം അടുത്തുതന്നെ തുടരുമോ അതോ പൂര്‍ണമായും പിന്‍വാങ്ങുമോ എന്നതാണ് ഇനി കാണേണ്ടതെന്ന് മറ്റൊരു വിദഗ്ദ്ധനായ റോബ് ലി പറയുന്നു.

നാറ്റോ സഖ്യ സെക്രട്ടറി ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് റഷ്യന്‍ തീരുമാനത്തില്‍ സംശയം പ്രകടിപ്പിക്കുന്നു. റഷ്യ പിന്‍വാങ്ങിയ ലക്ഷണമൊന്നും തോന്നുന്നില്ലെന്നും നേരെ എതിരായാണ് യുക്രെയിന്‍ അതിര്‍ത്തിയിലെ അനുഭവമെന്നും സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നു. ആശുപത്രികളും മറ്റും യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ തയ്യാറാക്കുകയാണ്.

അതേസമയം റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ യുക്രെയിനിലെ സൈന്യവും ജനങ്ങളും തീവ്ര പരിശീലനത്തിലാണ്. റഷ്യ ആക്രമണം നടത്തിയാല്‍ മറ്റ് രാജ്യങ്ങളോട് ചേര്‍ന്ന് പ്രതിരോധിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിഷയത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top