ലുഹാന്‍സ്‌ക്: റഷ്യയുടെ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ആളുകള്‍ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസില്‍കീവ് എയര്‍ബേസില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കാര്‍കീവിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്റര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ വിവിധ 10 സ്ഥലങ്ങളില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈന്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷമായി ബുദ്ധിമുട്ടുന്ന യുക്രൈന്‍ ജനതയെ സംരക്ഷിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ യുക്രൈന്‍ അംബാസിഡര്‍ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു. ഇതിനു പിന്നാലെ യുഎനില്‍ റഷ്യ-യുക്രൈന്‍ അംബാസിഡര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗണ്‍സിലിന്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാന്‍ യുക്രൈന്‍ അംബാസിഡര്‍ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികള്‍ക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്ഥാനമൊഴിയണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിലപാട്. പുതിയ സര്‍ക്കാര്‍ വരണം എന്നും പുടിന്‍ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡന്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളില്‍ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു ഭരണമാറ്റമുണ്ടായാല്‍ ആക്രമണം നിര്‍ത്താമെന്നും റഷ്യ പറയുന്നു.