മോസ്‌കോ: ലോകകപ്പ് ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്‌സി കാര്‍ ഇടിച്ചുകയറി ഏഴുപേര്‍ക്ക് പരിക്ക്. റഷ്യയിലെ റെഡ് സ്‌ക്വയറിന് സമീപത്താണ് അപകടം നടന്നത്. ഉക്രൈന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിക്കേറ്റത്. ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തിയ രണ്ട് മെക്‌സിക്കന്‍ സ്വദേശികളും പരിക്കേറ്റവരില്‍ പെടുന്നു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകകപ്പ് ആരവത്തില്‍ ശനിയാഴ്ച വൈകീട്ട് നഗരത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം നടന്നത്. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് ടാക്‌സി കാര്‍ കാല്‍നട യാത്രക്കാരെ ഇടിച്ചശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് നീങ്ങുകയായിരുന്നു. ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ഇയാളുടെ കൈയില്‍ നിന്ന് ലഭിച്ചത്.
അതേസമയം ഭീകരാക്രമണമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമാകുകയും നടപ്പാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ന് മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ മെക്‌സികോ-ജര്‍മനി മത്സരം നടക്കും.