ആര്‍എക്സ് 100 ഫെയിം കാര്‍ത്തികേയ ഗുമ്മകൊണ്ട വിവാഹിതനാവുന്നു. താരത്തിന്റെ സുഹൃത്ത് ലോഹിത റെഡ്ഡിയാണ് പ്രതിശ്രുത വധു. ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ലോഹിതയുമൊത്ത് കോളജില്‍ നിന്നുള്ള പഴയകാല ചിത്രം പങ്കുവച്ചുകൊണ്ട് കാര്‍ത്തികേയയാണ് ഇക്കാര്യം അറിയിച്ചത്.
വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല. പീച്ച് നിറത്തിലുള്ള കുര്‍ത്തയില്‍ കാര്‍ത്തികേയയെയും പച്ചയും പിങ്കും നിറത്തിലുള്ള സാരി ധരിച്ച ലോഹിത റെഡ്ഡിയെയും വിവാഹനിശ്ചയ ചിത്രങ്ങളില്‍ കാണാം.
2010ല്‍ വാറങ്കല്‍ എന്‍ഐടിയില്‍ വച്ചാണ് കാര്‍ത്തികേയയും ലോഹിതയും തമ്മില്‍ പ്രണയത്തിലാവുന്നത്. ഒരു ദശകം നീണ്ട പ്രണയത്തിന് ശേഷം തന്റെ ഉറ്റസുഹൃത്ത് കൂടിയായ ലോഹിതയെ ജീവിത പങ്കാളിയാക്കുകയാണെന്ന് നടന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
പ്രേമതോ മീ കാര്‍ത്തിക് എന്ന ചിത്രത്തിലൂടെ 2017ലാണ് കാര്‍ത്തികേയ ഗുമ്മകൊണ്ട സിനിമയില്‍ എത്തുന്നത്. 2018ലിറങ്ങിയ ആര്‍എക്സ് 100 എന്ന ചിത്രമാണ് താരത്തിനെ തെന്നിന്ത്യ മുഴുവന്‍ പ്രശസ്തനാക്കിയത്. ഹിപ്പി, ഗുണ 369, 90എംഎല് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അജിത്ത് നായകനാകുന്ന തമിഴ് ചിത്രം വലിമൈയാണ് കാര്‍ത്തികേയയുടെ ഏറ്റവും പുതിയ ചിത്രം.