ന്യൂഡല്‍ഹി: ഹരിയനയിലെ ഗുഡ്ഗാവ് റയാന്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിന്റെ കേസില്‍ പൊലീസുകാര്‍ തെളിവുകളില്‍ വേണ്ടത്ര പരിശോധന നടത്തിയില്ലെന്ന് സിബിഐ.
ഹരിയാന പൊലീസിലെ നാലു പേര്‍ വധക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളില്‍ തിരിമറി നടത്തുകയും വേണ്ടത്ര പരിശോധന നടത്തിയില്ലെന്നുമാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.
പ്രദ്യുമ്‌നന്റെ കൊലപാതക ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി ദൃശ്യങ്ങളില്‍ ആദ്യ ആരോപണ വിധേയനായ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ക്ക് പുറമെ യഥാര്‍ത്ഥ കൊലപാതകിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നുവെന്നും, എന്നാല്‍ പൊലീസ് വിദ്യാര്‍ത്ഥിയെ വിശദമായി ചോദ്യം ചെയ്യാതെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ കൊലപാതകിയായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
അശോക് കുമാര്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തുന്നതിനിടയില്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഹരിയാന പൊലീസിന്റെ ഭാഷ്യം.
എന്നാല്‍ സിബിഐ കേസ് ഏറ്റെടുത്ത് വ്യക്തമായി നടത്തിയ അന്വേഷണത്തില്‍ ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് യഥാര്‍ത്ഥ കൊലപാതകി എന്ന് തെളിയുകയായിരുന്നു. സ്‌കൂളിലെ പരീക്ഷ വൈകിപ്പിക്കുന്നതിനാണ് പ്രദ്യുമന്‍നെ കൊലപ്പെടുത്തിയതെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മൊഴി നല്‍കുകയും ചെയ്തു.
അതേ സമയം ബസ് കണ്ടക്ടറായ് അശോക് കുമാറിനെ മൃഗീയ പീഡനങ്ങളിലൂടെയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്നും ആരോപണങ്ങളുണ്ട്.
കണ്ട്ക്ടറെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ച് പോലീസ് കേസ് വേഗത്തില്‍ തീര്‍ക്കുവാനാണ് ശ്രമിച്ചിരുന്നതെന്നും അശോക് കുമാറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫരീദാബാദിലെ ജുവൈനല്‍ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്.