റയാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊല ; പൊലീസിനെതിരെ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ന്റെ കേസ്‌

ഗുഡ്ഗാവ്: ഹരിയാന ഗുരുഗ്രാം റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അശോക് കുമാറിന്റെ കുടുംബം പരാതി നല്‍കാനൊരുങ്ങുന്നു.

കേസില്‍ അശോക് കുമാറിനെ മനഃപൂര്‍വ്വം പ്രതിയാക്കാനാണ് ആദ്യം കേസ് അന്വേഷിച്ച പൊലീസ് ശ്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് അതേ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ കുടുംബം തീരുമാനിച്ചത്.

കൃത്രിമ തെളിവുകളുണ്ടാക്കി തന്റെ മകനെ ബലിയാടാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് അശോക് കുമാറിന്റെ പിതാവ് അമീര്‍ചന്ദ് പറഞ്ഞു.

കേസ് അന്വേഷിച്ച ഗുഡ്ഗാവ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അദ്ദേഹം പരാതി നല്‍കും. കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്‍ക്കുമുന്നില്‍ ഏറ്റുപറയുന്നതിനും അശോക് കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചില മരുന്നുകള്‍ നല്‍കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ സാമ്പത്തിക പിന്തുണ തേടിക്കൊണ്ടാണ് കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ ഈ കൊലപാതകക്കേസില്‍ ഏറെ നാള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത് സ്‌കൂള്‍ ബസ് ജീവനക്കാരനായിരുന്ന അശോക് കുമാറാണ്. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുരുഗ്രാം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

ലൈംഗീകപീഡനം നടത്താനുള്ള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊന്നെന്നായിരുന്നു പൊലീസ് ഭാഷ്യം.

എന്നാല്‍, പൊലീസ് പ്രതിയെ കണ്ടെത്തിയിട്ടും അത് അംഗീകരിക്കാതെ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് സിബിഐ കണ്ടെത്തിയത്.

അശോക് കുമാറിനെതിരെ പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥയാണെന്നും സിബിഐ വ്യക്തമാക്കി.

പൊലീസ് അന്വേഷണത്തില്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തി തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

എന്നാല്‍ ബസ് ഡ്രൈവറാണ് കൊല നടത്തിയതെന്ന് സ്ഥാപിക്കാന്‍ ഈ കത്തി സ്‌കൂള്‍ ബസില്‍ വെച്ചത് പൊലീസ് തന്നെആണെന്നും സിബിഐ കണ്ടെത്തി.

Top