പാക്കിസ്ഥാനുമായി ഒരു ഇടപാടിനുമില്ല, ഇന്ത്യയാണ് സുഹൃത്ത്, തുറന്നടിച്ച് റഷ്യ !

ന്ത്യക്ക് എക്കാലത്തും വിശ്വസിക്കാന്‍ പറ്റാവുന്ന ഉറച്ച പങ്കാളിയാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ വീണ്ടും റഷ്യ. പാക്കിസ്ഥാനുമായി യാതൊരു ആയുധ ഇടപാടും ഇനി നടത്തില്ലെന്ന റഷ്യയുടെ പ്രഖ്യാപനം ലോക രാഷ്ട്രങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന സാമ്പത്തിക ലാഭം വേണ്ടെന്ന നിലപാടാണ് റഷ്യ സീകരിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന 50,000 എ.കെ സീരീസിലെ അസോള്‍ട്ട് തോക്കുകള്‍ ഇനി നല്‍കില്ല. കരാറില്‍ നിന്നും റഷ്യ പിന്‍മാറിക്കഴിഞ്ഞു. പാക്കിസ്ഥാനെ സംബന്ധിച്ച് ഓര്‍ക്കാപ്പുറത്തുള്ള വലിയ തിരിച്ചടിയാണിത്. റഷ്യയില്‍ നിന്നും പാക്കിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരര്‍ക്ക് ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇന്ത്യ നടത്തിയ നീക്കമാണ് ഫലം കണ്ടിരിക്കുന്നത്.

എ.കെ 47ന്റെ ചൈനീസ് മോഡലായ എ.കെ 56ന് സമാനമായ തോക്കുകള്‍ പാക്ക് ഭീകരരില്‍ നിന്നും ഇന്ത്യ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയോട് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുടെ താല്‍പര്യത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്ന പ്രഖ്യാപനമാണ് ഇടപാട് റദ്ദാക്കിയതിലൂടെ റഷ്യ നടത്തിയിരിക്കുന്നത്.

റഷ്യ മുഖം തിരിച്ചതോടെ അമേരിക്കയുമായി അടുക്കാന്‍ പാക്കിസ്ഥാന്‍ ഇപ്പോള്‍ തീവ്രശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ അമേരിക്കയെ സംബന്ധിച്ച് പാക്കിസ്ഥാനെ അടുപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഭീകരരെ പാലൂട്ടി വളര്‍ത്തുന്ന പാക്കിസ്ഥാനുമായി ചര്‍ച്ച തന്നെ പാടില്ലെന്ന നിലപാടാണ് അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്കുള്ളത്.

പാക്കിസ്ഥാനുള്ള ഉഭയകക്ഷി സഹായങ്ങള്‍ നേരത്തെ തന്നെ അമേരിക്ക വെട്ടിക്കുറച്ചിരുന്നു. പാക്ക് വ്യാപാര മേഖലക്കുള്‍പ്പടെ ഈ തീരുമാനം വന്‍ തിരിച്ചടിയായിരുന്നു. ബദ്ധശത്രുവായ ചൈനയുടെ സുഹൃത്താണ് പാക്കിസ്ഥാന്‍ എന്നതും അമേരിക്കയുടെ അനിഷ്ടത്തിന് മറ്റൊരു കാരണമാണ്. എല്ലാറ്റിനും മീതെ ഇന്ത്യയുമായി ഉടക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല എന്നതും പാക്കിസ്ഥാന് തിരിച്ചടിയാണ്.

കാര്യമെന്തായാലും എങ്ങനെയും അമേരിക്കയെ തണുപ്പിക്കാനാണ് ഇപ്പോള്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നീക്കം. നഷ്ടമായ സഹായങ്ങള്‍ വീണ്ടെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി നരേന്ദ്ര മോദി അമേരിക്കയില്‍ നടത്തിയ റാലി പോലെ ഒന്ന് സംഘടിപ്പിക്കാനാണ് ഇമ്രാന്‍ ഖാന്റെ തീരുമാനം. ജൂലായ് 21നാണ് ഈ മോദി മോഡല്‍ റാലി. 2010ലെ സെന്‍സസ് താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ട് പ്രകാരം അഞ്ചുലക്ഷത്തോളം പാക്ക് വംശജര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

അമേരിക്കയെ അനുനയിപ്പിക്കുന്നതിനു വേണ്ടിയാണ് ഭീകരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്ത് പാക്ക് ജയിലില്‍ അടച്ചിരുന്നത്. അതേസമയം ഭീകരരാഷ്ട്രമായി തന്നെയാണ് പാക്കിസ്ഥാനെ കാണുന്നതെന്ന നിലപാടില്‍ ഒരു മാറ്റത്തിനും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപ് ഇമ്രാന്‍ഖാന് കൈ കൊടുത്താലും ഇല്ലെങ്കിലും ഒരു നിലപാട് മാറ്റത്തിനും തയ്യാറല്ലെന്ന നിലപാടിലാണ് രാജ്യം. റഷ്യയുമായി കൂടുതല്‍ സഹകരിച്ച് കരുത്താര്‍ജിച്ച് മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം. റഷ്യയും ആഗ്രഹിക്കുന്നത് അത് തന്നെയാണ്. അമേരിക്ക അടുത്ത കാലത്ത് ഇന്ത്യയുമായി അടുത്തത് റഷ്യയെ അസ്വസ്ഥമാക്കിയിരുന്നു. എന്നാല്‍ പുതിയ ആയുധ ഇടപാടുകളിലൂടെ റഷ്യ തന്നെയാണ് ഉറ്റ സുഹൃത്തെന്ന് വീണ്ടും ഇന്ത്യ തെളിയിച്ചിരിക്കുകയാണ്.

40,000 കോടിക്ക് ഇന്ത്യ റഷ്യയില്‍ നിന്നും സ്വന്തമാക്കിയത് അമേരിക്കയെ കീഴടക്കിയ ടെക്‌നോളജിയാണ്. ആകാശമാര്‍ഗമുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ വ്യോമസേനയെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യയുടെ എസ്- 400 ട്രയംഫ് ഇന്ത്യ വാങ്ങുന്നത്.

റഷ്യയില്‍ നിന്ന് ഇവ ചൈന വാങ്ങിയതിനു പിന്നാലെയാണ് അതേ ആയുധം സ്വന്തമാക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യയും വേഗത കൂട്ടിയിരുന്നത്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനമായി ഇത് മാറും. പാക്കിസ്ഥാനെ സംബന്ധിച്ച് സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത ശേഷിയാണിത്. അമേരിക്കയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇന്ത്യ എസ്- 400 സ്വന്തമാക്കുന്നത്.

ലോകത്തിലെ വലിയ ആയുധ വിപണികളിലൊന്നായ ഇന്ത്യയുമായുള്ള കച്ചവടമാണ് ഇതോടെ അമേരിക്കക്ക് നഷ്ടമായിരിക്കുന്നത്. എസ്- 400 മിസൈല്‍ പ്രതിരോധ സംവിധാനം വരുന്നതോടെ പാക്കിസ്ഥാനു മേല്‍ ഇന്ത്യ അപ്രമാദിത്യം നേടുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല. മാത്രമല്ല ദക്ഷിണേഷ്യയില്‍ ഇന്ത്യ അജയ്യരാകാനുള്ള ചുവടുവയ്പായി ഇതു മാറുകയും ചെയ്യും. അമേരിക്കയുടെ കരുത്തുള്ള പോര്‍വിമാനങ്ങളായ എഫ്16, എഫ്35 എന്നിവയടക്കമുള്ളവയെ ഭസ്മമാക്കാനും ഇനി ഇന്ത്യക്കു സാധിക്കും. നിലവില്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത് അമേരിക്കയില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങളാണ്.

റഷ്യ വികസിപ്പിച്ച ഏറ്റവും കരുത്തുറ്റ ആകാശ പ്രതിരോധ സംവിധാനമാണ് ട്രയംഫ്. ശത്രുവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇതിനു ശേഷിയുണ്ട്. 400 കിലോമീറ്റര്‍ പരിധിയില്‍ ആകാശ പ്രതിരോധവും ഉറപ്പാക്കും. 2007ലാണ് ഈ മിസൈല്‍ റഷ്യ വികസിപ്പിച്ചത്. 2014ല്‍ ചൈന സ്വന്തമാക്കി. മിസൈല്‍ സംവിധാനം വാങ്ങുന്നതിനായി 2016ല്‍ ഇന്ത്യ റഷ്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമായ എസ്- 400 ട്രയംഫിന് ചൈനീസ് മിസൈലുകളെ വരെ തകര്‍ക്കാന്‍ ശേഷിയുണ്ട്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് ഈ മിസൈലില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി- 3 സംവിധാനത്തേക്കാള്‍ എത്രയോ മുകളിലാണ് റഷ്യയുടെ എസ്- 400 ട്രയംഫ് എന്നാണ് ടെക് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്- 400 ട്രയംഫ്. പാട്രിയറ്റില്‍ നിന്ന് ചെരിച്ചാണ് മിസൈലുകള്‍ വിക്ഷേപിക്കുന്നത്. എന്നാല്‍ എസ്- 400 ല്‍ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്- 400ന്റെ പ്രധാന ശക്തിയും.

മറ്റ് ലോകശക്തികള്‍ക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്- 400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധ രംഗത്തെ വിദഗ്ധരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

പാക്കിസ്ഥാനും ചൈനയും ഈ കരാറിനെ ഏറെ ഭീതിയോടെയാണ് നോക്കികാണുന്നത്. അഞ്ചു സ്ഥലങ്ങളില്‍ എസ്- 400 ട്രയംഫ് സ്ഥാപിച്ചാല്‍ ചൈന, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയില്‍ വരും. അതായത് പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ രാജ്യത്തുവച്ചു തന്നെ മിസൈലുകള്‍ തകര്‍ക്കാന്‍ എസ്- 400 ട്രയംഫിനു സാധിക്കും.

അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ ഇന്ത്യയുടെ കൈവശമെത്തുന്ന ട്രയംഫിനു സാധിക്കും. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്- 35 ഫൈറ്റര്‍ ജെറ്റിനു ഭീഷണിയാവാനും ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകള്‍, കണ്‍ട്രോള്‍ സെന്റര്‍, ശക്തിയേറിയ റഡാര്‍, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകള്‍ എന്നിവയാണ് എസ്- 400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇതിനു ശേഷിയുണ്ട്.

അറുന്നൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ട്രയംഫിനു സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ ‘റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്’ ബ്ലോഗ് അനുസരിച്ച് എസ്- 400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍പ് ഉണ്ടായിരുന്ന എസ്- 300 സിസ്റ്റത്തിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്- 400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള എസ്- 400 നിര്‍മിച്ചത് അല്‍മസ് ആന്റെ ആയിരുന്നു.

ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും സാധാരണയായ ഇന്ത്യ പോലൊരു രാജ്യത്ത് എസ്- 400 ട്രയംഫിനു ഏറെ പ്രസക്തിയുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ ഇതു പര്യാപ്തവുമാണ്.

പടിഞ്ഞാറു ഭാഗത്ത് മൂന്നും കിഴക്കുഭാഗത്ത് രണ്ടും എസ്- 400 സിസ്റ്റങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതു പ്രതിരോധം തീര്‍ക്കും. ഹ്രസ്വ- മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാനും ഈ സംവിധാനത്തിനു കഴിയും.

Staff Reporter

Top