തിരുവനന്തപുരം: കേരളത്തിലെ പിണറായി സര്‍ക്കാറിന്റെ ഭരണത്തെ പ്രകീര്‍ത്തിച്ച് തമിഴ് സൂപ്പര്‍ താരം വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രംഗത്ത്.
കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് ആകെ മാതൃകയാണെന്ന് പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ കൂടിയായ എസ്.എ ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.
കേരള സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. അപകടത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മികച്ചരീതിയിലാണ് കേരളത്തിലെ ഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘തമിഴ്നാട് അടക്കം മറ്റുസംസ്ഥാനങ്ങളില്‍ അഴിമതി കൂടുമ്പോള്‍ കേരളത്തില്‍ ആ സാഹചര്യമില്ല. ബിജെപി സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിച്ചു. എല്ലാവരും ജിഎസ്ടിയുടെ ഫലം അനുഭവിയ്ക്കുകയാണിപ്പോള്‍.’
വിജയ് നായകനായ മെര്‍സല്‍ സിനിമയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രചാരണം സിനിമയ്ക്ക് ഗുണം ചെയ്തതായും ചന്ദ്രശേഖര്‍ പറഞ്ഞു.
കമല്‍ഹാസന്‍ ഞങ്ങള്‍ അടങ്ങുന്ന സിനിമ കുടുംബത്തിലെ അംഗമാണ്. മഹാനായ നടനാണ് കമല്‍. തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസങ്ങളും നേരുന്നതായും എസ്എ ചന്ദ്രശേഖര്‍ പറഞ്ഞു.
പിണറായി അടക്കമുള്ള സി.പി.എം നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നടന്‍ കമല്‍ ഹാസന്‍ പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന് വിജയ് പിന്തുണ നല്‍കിയേക്കുമെന്ന അഭ്യൂഹം കൂടുതല്‍ ശക്തമാക്കുന്നതാണ് സൂപ്പര്‍താരത്തിന്റെ പിതാവിന്റെ ഇപ്പോഴത്തെ പ്രതികരണം.
തമിഴകത്തെ ഓരോ ജില്ലയിലും ലക്ഷകണക്കിന് ആരാധകരുള്ള മുന്‍നിരനായകനാണ് വിജയ്.
മുന്‍പ് മുരുകദാസ് സംവിധാനം ചെയ്ത ‘കത്തി’ എന്ന സിനിമയില്‍ കമ്മ്യൂണിസത്തെക്കുറിച്ചുള്ള വിജയ് അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ വിശദീകരണം ഏറെ കയ്യടി നേടിയിരുന്നു.