ജീവിതത്തിലും . . പ്രത്യേയശാസ്ത്ര നിലപാട് ഉയര്‍ത്തിപിടിച്ച മുന്‍ എസ്.എഫ്.ഐ കുടുംബം

ഴുത്തറപ്പന്‍ കച്ചവട താല്‍പ്പര്യത്തോടെ മെഡിക്കല്‍ വിദ്യാഭ്യാസകച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന പ്രത്യേക ഓര്‍ഡിനന്‍സിനായി കൈ പൊക്കിയ സഖാക്കള്‍ കാണണം ഈ പഴയ സഖാവിന്റെ ജീവിതസന്ദേശം.

സ്വാശ്രയ മെഡിക്കല്‍ എന്‍ജിനിയറിംങ് സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്ത എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.പി പ്രതാപ് കുമാറാണ് കേരളത്തിലെ പൊരുതുന്ന മനസ്സുകള്‍ക്ക് ആവേശമായി ഇപ്പോഴും ആവേശത്തോടെ കത്തിജ്വലിച്ച് നില്‍ക്കുന്നത്.

94ല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ എസ്.എഫ്.ഐ സടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീറിനെ തടഞ്ഞ പ്രതാപന്‍ അടക്കമുള്ള പ്രവര്‍ത്തകരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്.
മര്‍ദ്ദനത്തില്‍ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ പ്രതാപന് കാഴ്ച നഷ്ടപ്പെടുകയുണ്ടായി.സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരായ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഈ മുന്‍ വിദ്യാര്‍ത്ഥി നേതാവിന് സ്വന്തം ജീവിതത്തിലും സ്വാശ്രയ വിരുദ്ധ നിലപാട് സ്വീകരിച്ചതിന് പക്ഷേ വൈകിയാണെങ്കിലും അംഗീകാരം ലഭിച്ചിരിക്കുകയാണ്.

അച്ഛന്റെ പോരാട്ടവും നിലപാടും ശരിയാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുത്തിരിക്കുന്നത് മകള്‍ അഭിരാമി എലിസബത്താണ്.മലയാളം മീഡിയത്തില്‍ പഠനം നടത്തിയ പ്രതാപന്റെ മകള്‍ അഭിരാമിക്കാണ് ഇപ്പോള്‍ ജേയന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് ലഭിച്ചിരിക്കുന്നത്.അഖിലേന്ത്യാ തലത്തില്‍ ഇരുനൂറ്റി പതിനാലാം റാങ്കിലെത്താനും ഈ മിടുക്കിക്ക് കഴിഞ്ഞു.അഭിരാമിയെ പോലെ മകന്‍ അഭിമന്യുവിനെയും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പ്രതാപ് കുമാര്‍ പഠിപ്പിക്കുന്നത്. അത് ഈ പഴയ എസ്.എഫ്.ഐ നേതാവിന്റെ വാശിയാണ്. മകന്‍ അഭിമന്യു ടിറ്റോ മെഡിക്കല്‍ കോളജ് കാമ്പസ് ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസിലാണ് പഠനം നടത്തുന്നത്.മക്കളെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാതിരിക്കുന്നതിന് എന്താണ് കാരണമെന്ന് പ്രതാപനെ അറിയുന്നവര്‍ അദ്ദേഹത്തോട് ചോദിക്കില്ല, അല്ലാത്തവര്‍ക്ക് മറുപടി കാഴ്ച നഷ്ടപ്പെട്ട വലത്തേക്കണ്ണ് തന്നെ നല്‍കും.

വാക്കും പ്രവര്‍ത്തിയും അവസരത്തിനൊത്ത് മാറ്റുന്ന അവസരവാദിയല്ല ഈ കമ്യൂണിസ്റ്റുകാരന്‍.പോരാട്ടത്തിന്റെ കനല്‍ ഇപ്പോഴും ആ മനസ്സില്‍ എരിയുന്നുണ്ട്. ഈ മനസ്സിലെ നന്മകണ്ടത് കൊണ്ടാണ് മെഡിക്കല്‍ കോളജില്‍ ലാത്തിയടിയില്‍ പരിക്കേറ്റ് പ്രതാപന്‍ ചികിത്സ തേടിയെത്തിയപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ലിസക്ക് ആകര്‍ഷണം തോന്നിയതും.അത് ഒടുവില്‍ പ്രണയത്തിലും പിന്നീട് വിവാഹത്തിലും കൊണ്ട് ചെന്നെത്തിച്ചതും. മെഡിക്കല്‍ കോളജിലെഎസ് എഫ് ഐയുടെ സജിവ പ്രവര്‍ത്തകയായിരുന്നു ലിസ. ഇപ്പോള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് .

pathapan 1 st

പോരാട്ടരംഗത്ത് എസ്.എഫ്.ഐയുടെ ഏറ്റവും സുവര്‍ണ്ണ കാലഘട്ടത്തില്‍ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് പോരാടിയവരാണ് പ്രതാപനും സംഘവും.എസ്.എഫ്.ഐ മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായ മുസാഫര്‍ അഹമ്മദും പ്രതാപനുമായിരുന്നു കോഴിക്കോട് ജില്ലയിലെ സമരത്തിന് അന്ന് ചുക്കാന്‍ പിടിച്ചിരുന്നത്.ഏറ്റവും അധികം മര്‍ദ്ദനമേറ്റവരില്‍ മുന്‍ നിരയിലാണ് ഇവരുടെ സ്ഥാനം.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കു വേണ്ടി നിയമസഭയില്‍ സര്‍ക്കാര്‍ ഓഡിനന്‍സു കൊണ്ടുവന്നപ്പോള്‍ അത് പാസാക്കാന്‍ കൈ പൊക്കിയവരില്‍ ചില യുവ എം.എല്‍.എമാര്‍ ഇവര്‍ക്കൊപ്പം പൊലീസിന്റെ ലാത്തിയടി വാങ്ങിയവരാണ് എന്നതും നാമിപ്പോള്‍ ഓര്‍ക്കണം.കോഴിക്കോട് ബാറിലെ അഭിഭാഷകനായ പ്രതാപന്‍ സാമൂഹിക പരിസ്ഥിതിരംഗങ്ങളില്‍ സജീവമാണ്‌.

Top