ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കനേഡിയന്‍ സര്‍ക്കാറിനോട് തെളിവുകള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഖലിസ്ഥാന്‍ തീവ്രവാദിയും ടൈഗര്‍ ഫോഴ്സ് നേതാവുമായ നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാരോപിച്ച് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധിയെ ട്രൂഡോ സര്‍ക്കാര്‍ ഒഴിവാക്കി രണ്ടുമാസത്തിനു ശേഷമാണ് ജയശങ്കറിന്റെ പരാമര്‍ശം.
‘ഇത്തരത്തിലൊരു ആരോപണം നടത്താന്‍ നിങ്ങളുടെ പക്കല്‍ കാരണമുണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ ദയവായി നല്‍കുക. കാരണം, ഞങ്ങള്‍ അന്വേഷണം തള്ളികളഞ്ഞിട്ടില്ല’, യുകെയില്‍ വെച്ച് ജയ്ശങ്കര്‍ പറഞ്ഞു.’ചില കടമകള്‍കൂടി ഉള്‍പ്പെടുന്നതാണ് അഭിപ്രായസ്വാതന്ത്ര്യം. രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ശരിയല്ല’, ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ജയ്ശങ്കര്‍ പറഞ്ഞു.
കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണനെതിരെയുണ്ടായ ആക്രമണവും കോണ്‍സുലേറ്റ് ജനറലിനും ഹൈക്കമ്മിഷണനും എതിരെയുണ്ടായ ബോംബാക്രമണവും കേന്ദ്രമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞരെ പരസ്യമായി ആക്രമിച്ചിട്ടും കനേഡിയന്‍ അധികൃതര്‍ കുറ്റവാളികള്‍ക്കെതിരെ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.