ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന കാര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ ഇന്ത്യയ്‌ക്കെതിരായ യു.എസ് ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘റഷ്യയില്‍നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനമെടുത്തു. അത് അമേരിക്കയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു ഈ പ്രത്യേക ഇടപാട് ഇന്ത്യയ്ക്ക് എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു എന്ന് ആളുകള്‍ മനസിലാക്കും എന്നാണ് എന്റെ പ്രതീക്ഷ. അതിനാല്‍ നിങ്ങളുടെ ചോദ്യം സാങ്കല്‍പ്പികമാണെന്ന് കരുതുന്നു’- ജയ്ശങ്കര്‍ പറഞ്ഞു.
എസ്-400 മിസൈല്‍ വളരെ അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട സംവിധാനമാണ്. പുറത്തു നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ തടയുന്നതിനുള്ള രക്ഷാ മാര്‍ഗ്ഗമാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം. ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രതിരോധത്തിനായി അമേരിക്ക വിപുലീകരിച്ച സംവിധാനത്തേക്കാള്‍ മികച്ചതാണ് റഷ്യന്‍ സംവിധാനമെന്നാണ് വിലയിരുത്തലുകള്‍. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ളതാണ് എസ് 400. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള റഡാര്‍ സംവിധാനം, സ്വയംപര്യാപ്തമായ നിരീക്ഷണ സംവിധാനം, ടാര്‍ജറ്റിംഗ് സിസ്റ്റം, ആന്റി എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം, മിസൈല്‍ ലോഞ്ചറുകള്‍, നിയന്ത്രണങ്ങള്‍ നടത്തുന്നതിനുള്ള വാര്‍ത്താവിനിമയ സംവിധാനം, അതിനാവശ്യമായ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് എസ്-400.