ബെംഗളൂരു : ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി പഴയ ക്ലബ് പോലെയായെന്നും പുതിയ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകാൻ തയാറാകുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പഴയ അംഗങ്ങൾ ക്ലബിന്റെ നിയന്ത്രണം കൈയടക്കിവച്ചിരിക്കുകയാണെന്നും അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ജയശങ്കർ ബെംഗളൂരുവിൽ പൊതുപരിപാടിയിൽ പറഞ്ഞു.
‘‘ഒരുതരത്തിൽ ഇതൊരു പരാജയമാണ്. ലോകത്തെയാകെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും ഇന്ന് യുഎന്നിന് ഫലപ്രദമായി ഇടപെടാനാകുന്നില്ല. ഇസ്രയേൽ–ഹമാസ് യുദ്ധത്തിലും വേണ്ട രീതിയില്‍ ഇടപെടാനായില്ല. ഇതിൽ മാറ്റം വരേണ്ടിയിരിക്കുന്നു. ലോകത്തെ 200 രാജ്യങ്ങളോട് ചോദിച്ചാൽ മഹാഭൂരിപക്ഷവും യുഎന്നിൽ പരിഷ്കരണം വേണമെന്ന അഭിപ്രായക്കാരായിരിക്കും.’’ –ജയശങ്കർ പറഞ്ഞു.
ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കാൻ യുഎൻ തയാറാവണമെന്ന ആവശ്യവുമായി ജയശങ്കർ മുൻപും രംഗത്തു വന്നിട്ടുണ്ട്. ഏതാനും രാജ്യങ്ങൾ മാത്രം ചേർന്ന് അന്തിമ തീരുമാനം സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫ്രാൻസ്, ചൈന, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് യുഎന്നിൽ സ്ഥിരാംഗത്വമുള്ളത്. ഇവർക്ക് പ്രത്യേക വീറ്റോ അധികാരവുമുണ്ട്.