കൊച്ചി : വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ ബാര്‍ കോഴക്കേസില്‍ ബിജുരമേശുമായി ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍വീസില്‍ തുടരാനനുവദിക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.കുറ്റക്കാരായ ഉദ്യോഗസ്ഥരെ തുടരാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ നടപടികള്‍ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം. മാണി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.ഡി. രാജനാണ് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്.
ഗൂഢാലോചനക്കേസില്‍ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഈ കേസിന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നതുവരെ ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി നടപടികള്‍ നിറുത്തിവെക്കണമെന്നുമാണ് കെ.എം. മാണിയുടെ ഹര്‍ജിയിലെ ആവശ്യം.
ഇന്നു രാവിലെ ഹര്‍ജി പരിഗണനയ്‌ക്കെടുത്ത സിംഗിള്‍ബെഞ്ച് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കി ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റി. സുകേശനെതിരായ അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും സിംഗിള്‍ബെഞ്ച് ആരാഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങളും സര്‍ക്കാര്‍ നാളെ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരിക്കണം.