s.p unni rajan check mani outhouse

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി: ഉണ്ണിരാജന്‍ മണിയുടെ ചാലക്കുടിയിലെ ഔട്ട്ഹൗസ് പരിശോധിച്ചു. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കുകയും ചെയ്തു. അതിനിടെ മണിയ്ക്ക് ചികിത്സ നല്‍കുന്നതില്‍ പിഴവ് ഉണ്ടായോ എന്ന കാര്യം അന്വേഷിക്കാന്‍ കൊച്ചി പൊലീസിന് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും.

അതേസമയം, മണിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോപ്പില്‍ കണ്ട കീടനാശിനി അടങ്ങിയ കുപ്പി പാഡിയില്‍ എത്തിയത് എങ്ങനെ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആറ് കുപ്പികളാണ് വാഴത്തോപ്പില്‍ നിന്ന് കിട്ടിയത്. ഇതിലൊരെണ്ണമാണ് പാഡിയില്‍ നിന്ന് കണ്ടെടുത്തത്. കുപ്പിയിലെ കീടനാശിനി പകുതി ഉപയോഗിച്ച നിലയിലുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അരുണിനേയും വിപിനിനേയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിന് ശേഷം അരുണും വിപിനും ഔട്ട്ഹൗസ് വൃത്തിയാക്കിയത് എന്തിനാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇതേസമയം, മണിയുടെ സാന്പത്തിക കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചാവും അന്വേഷണമെന്ന് അറിയുന്നു. സ്വത്ത് സംബന്ധിച്ച തര്‍ക്കം മണിയുടെ മരണത്തിന് കാരണമായിട്ടുണ്ടോ എന്നറിയുകയാണ് ലക്ഷ്യം. മണിക്ക് ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നോ, സ്‌റ്റേജ് ഷോകളില്‍ നിന്ന് ലഭിച്ച പണം എവിടെ പോയി തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.

Top