കാസര്‍ഗോട്: ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനും ദേവികുളം സബ് കളക്ടര്‍ രേണു രാജും തമ്മിലുള്ള പ്രശ്‌നം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.
എല്ലാ കാലത്തും റവന്യൂ ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ഉണ്ടാവുമെന്നും ഉദ്യോഗസ്ഥരില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സബ് കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ അധിക്ഷേപിച്ച് സംസാരിച്ചത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടുമെന്നും ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ എന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു.
പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വെച്ചാണ് എംഎല്‍എ അപമാനിച്ചത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്.