രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ഇടുക്കി: രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എട്ട് മാസമായി ഒരു പ്രവര്‍ത്തനങ്ങളും നടത്താറില്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. തനിക്ക് മറ്റൊരു പാര്‍ട്ടിയുടെ ചിന്താഗതിയുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല. വേറെ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ പോകട്ടെ എന്നും രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാറിലെ പ്രാദേശിക നേതാക്കളാണ് തനിക്ക് എതിരായിട്ടുള്ള പ്രചരണങ്ങള്‍ കൂടുതലും നടത്തിയതെന്നും പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തല്‍ക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റിന് നല്‍കിയത്.

Top