ഏഴു ദിവസത്തിനുള്ളില്‍ വീടൊഴിയണം; എസ് രാജേന്ദ്രന് സബ് കലക്ടറുടെ നോട്ടീസ്

ദേവികുളം: വീടൊഴിയാൻ ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് റവന്യു വകുപ്പിന്റെ നോട്ടീസ്. മൂന്നാർ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമി പുറമ്പോക്ക് ആയതിനാൽ ഏഴ് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസ്. ഒഴിപ്പിക്കൽ നടപടികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സബ് കലക്ടർ രാഹുൽ ആർ ശർമ ഇടുക്കി എസ്പിയെ സമീപിച്ചു.

മുൻപ് കെഎസ്ഇബിക്ക് റവന്യു വകുപ്പ് നൽകിയ ഭൂമി 27ഏക്കറിൽ കയ്യേറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാർ കോടതിയെ സമീപിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റ ഭൂമിയാണന്ന് കണ്ടെത്തിയത്.

രണ്ടുമാസം മുൻപ് ഈ പ്രദേശത്ത് നിന്ന് കയ്യേറ്റം ഒഴിപ്പിക്കാൻ ഇടുക്കി ജില്ലാ കലക്ടർ ദേവികുളം സബ് കലക്ടർക്ക് നിർദേശം നൽകിയിരുന്നു. അതേസമയം, എസ് രാജേന്ദ്രന് മാത്രമാണ് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകിയിട്ടുള്ളത്.

Top