ഷാര്‍ജ : ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തിനോടാണ് തനിക്ക് യോജിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ.
ഈ പ്രശ്‌നത്തെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് നടത്തുന്ന ജാഥകള്‍ക്ക് വിശ്വാസസംരക്ഷണ ജാഥ എന്ന പേരിനുപകരം രാഷ്ട്രീയപ്രചാരണ ജാഥ എന്നായിരുന്നു വേണ്ടത്. വിശ്വാസസംരക്ഷണ ജാഥ എന്നപേരും ബി.ജെ.പി.യുടെ നാമജപവുമൊക്കെ ജനം ഒരേപോലെയാണ് കാണുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ്. സംഘത്തിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ ഒത്താശചെയ്തുകൊടുക്കുകയായിരുന്നെന്നും സതീശന്‍ പറഞ്ഞു. ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികമാധ്യമങ്ങളിലൂടെ ചില നേതാക്കളോടുള്ള ആരാധന കാരണം മറ്റു നേതാക്കളെ തെറിപറയരുതെന്നും പ്രവര്‍ത്തകരോടായി സതീശന്‍ ഓര്‍മിപ്പിച്ചു. അത്തരം നിലപാടുകള്‍ കോണ്‍ഗ്രസിന് ക്ഷീണമാണ് ഉണ്ടാക്കുകയെന്ന് തിരിച്ചറിയണം. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി.യിലേക്ക് പോവുകയാണെന്ന് സാമൂഹികമാധ്യമങ്ങള്‍ കിംവദന്തി പ്രചരിപ്പിക്കുമ്പോള്‍ ‘തങ്ങള്‍ പോകില്ല’ എന്ന് പത്രസമ്മേളനം വിളിച്ചു മറുപടി പറയേണ്ട കാര്യമില്ലെന്നും സതീശന്‍ അറിയിച്ചു.
ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വൈ.എ. റഹീം അധ്യക്ഷതവഹിച്ചു. ഇന്‍കാസ് യു.എ.ഇ. പ്രസിഡന്റ് വി. മഹാദേവന്‍ ഉദ്ഘാടനം ചെയ്തു.