പത്തനംതിട്ട: ശബരിമലയില്‍ കുംഭമാസ പൂജകള്‍ക്കായി നാളെ നട തുറക്കുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൊലീസ്. നാളെ വൈകിട്ട് നടതുറക്കാനിരിക്കെ ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട വിഷയത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങാത്തതും, പ്രതിഷേധക്കാര്‍ എത്തുമെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ്
നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ ഈയാഴ്ച പ്രത്യേക പരാമർശങ്ങളോ വിധിയോ ഉണ്ടാകാനുള്ള സാധ്യതയും യോഗി ആദിത്യനാഥിന്റെ പത്തനംതിട്ട സമ്മേളനവുമെല്ലാം കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നിലയ്ക്കലിൽ നിന്നു പമ്പയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ യാത്രയ്ക്ക് ഇന്നു മുതൽ നിയന്ത്രണമേർപ്പെടുത്തും. കെഎസ്ആർടിസി ഒഴികെയുള്ള തീർഥാടക വാഹനങ്ങൾ കഴിഞ്ഞ തീർഥാടനകാലത്തേതു പോലെ നിലയ്ക്കലിൽ പാർക്ക് ചെയ്യാനാണു നിർദേശം. നിലയ്ക്കലിൽനിന്നു നാളെ രാവിലെ 10നു ശേഷമേ മാധ്യമപ്രവർത്തകരെ അടക്കം കടത്തിവിടുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.