തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ കൂടിക്കാഴ്ചയില്‍ വിശദമായി ചര്‍ച്ച ചെയ്യും. തിരക്ക് കുറയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശം ബോര്‍ഡിന്റെ പരിഗണനയിലുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബുധനാഴ്ചയാണ് ദേവസ്വം ബോര്‍ഡ് യോഗം ചേരുന്നത്.
അതിനിടെ ശബരിമലയിലെ സ്ത്രീപ്രവേശവനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.
നിലവില്‍ ശരാശരി ഒന്നരക്കോടിപ്പേരാണ് സീസണില്‍ ശബരിമല തീര്‍ഥാടനത്തിനായി എത്തുന്നത്. തീര്‍ഥാടനകാലത്ത് സുരക്ഷാ കാര്യങ്ങളും വിപുലപ്പെടുത്തേണ്ടി വരും. ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും.പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
കേരളത്തിനുള്ളില്‍നിന്ന് എത്ര സ്ത്രീകള്‍ എത്തുമെന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ക്ഷേത്ര പ്രവേശനത്തെ സംബന്ധിച്ച് സ്ത്രീകള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാല്‍ കണക്കെടുപ്പ് ഈ ഘട്ടത്തില്‍ സാധ്യമല്ല. 2011 ലെ സെന്‍സസ് അനുസരിച്ച് 1,73,78,649 സ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതിന്റെ രണ്ടു ശതമാനം കണക്കാക്കിയാല്‍പോലും 3,47,572 സ്ത്രീകള്‍ ശബരിമലയിലെത്താം. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും. സ്ത്രീകള്‍ ശബരിമലയിലെത്തിത്തുടങ്ങിയാല്‍ പ്രത്യേക ശുചിമുറികളും താമസ സൗകര്യങ്ങളും ഉറപ്പാക്കേണ്ടിവരുമെന്നു ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.
പമ്പയില്‍നിന്ന് സ്ത്രീകളെ സന്നിധാനത്തിലേക്ക് കടത്തിവിടുന്നതിനും നിലവിലെ സംവിധാനങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടിവരും. ക്യൂ സമ്പ്രദായം അടിമുടി മാറേണ്ടിവരുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ സാധ്യമാകണമെന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുടുംബത്തോടൊപ്പമാണ് സ്ത്രീകളെത്തുന്നതെങ്കില്‍ പ്രത്യേകം ക്യൂ ഫലപ്രദമാകില്ല.