ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകള്‍ക്ക് 2 ദിവസം മാറ്റിവയ്ക്കണമെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയില്‍ സാവകാശഹര്‍ജി നല്‍ക്കെ ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.
ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് 4 യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2 ദിവസം മാറ്റിവയ്ക്കാമെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതിന് അനുകൂലമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണു ബോര്‍ഡിനുമേല്‍ സമ്മര്‍ദം ചെലുത്തിയത്. തന്ത്രി, പന്തളം രാജകുടുംബം എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇതേ നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ആചാരവിരുദ്ധമായി യുവതികളെ അനുവദിക്കാന്‍ കഴിയില്ലെന്ന് ഇരുവരും അപ്പോള്‍ തന്നെ അറിയിച്ചു.
സ്ത്രീകള്‍ക്കു ദര്‍ശനത്തിനായി 2 ദിവസം നീക്കിവയ്ക്കണമെന്ന നിര്‍ദേശം ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ച ചെയ്തു തീരുമാനം എടുക്കാതെ ബോര്‍ഡിന്റെ അഭിപ്രായമായി പറയാന്‍പറ്റില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുവാനാണ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പ ധര്‍മ സേന പ്രസിഡന്റും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിനെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞിരുന്നു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പും നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്നാണ് പൊലീസ് അറിയിച്ചത്.