പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ ആദിവാസി നേതാവ് അമ്മിണിയും മടങ്ങി. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചത്.
ഞായറാഴ്ച രാവിലെ പൊന്‍കുന്നം പൊലീസ് സ്റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കല്‍ വരെ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു.
അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനത്തിനായി വീണ്ടുമെത്തുമെന്ന് പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. പൊലീസ് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയാണെന്നും മനിതി സംഘം പറഞ്ഞു. എന്നാല്‍ ഇവര്‍ മടങ്ങുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്നാണ് പൊലീസ് പറഞ്ഞത്. ആവശ്യപ്പെടുന്ന സ്ഥലം വരെ സുരക്ഷയൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
യുവതികളെ തടഞ്ഞ സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. യുവതികളെ കൊണ്ട് വരുന്ന സാഹചര്യത്തില്‍ നിലയ്ക്കലില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മനിതി സംഘം തിരിച്ചിറങ്ങിയത്. രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്.
എന്നാല്‍ അമ്പത് മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ഥം യുവതികള്‍ ഗാര്‍ഡ് റൂമില്‍ ഓടിക്കയറുകയായിരുന്നു. പിന്നീട് യുവതികളെ ഇവിടെനിന്നും പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.