ശബരിമല വിധിയില്‍ വിട്ടുവീഴ്ച ചെയ്ത് സമവായത്തിനില്ലെന്ന് അയ്യപ്പ സേവാസമാജം

sabarimala

തിരുവനന്തപുരം: ശബരിമല വിധിയില്‍ വിട്ടുവീഴ്ച ചെയ്ത് സമവായത്തിനില്ലെന്ന് അയ്യപ്പ സേവാസമാജം. ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നു. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും പരാജയപ്പെട്ടാല്‍ സമരം ശക്തമാക്കുമെന്നും അയ്യപ്പ സേവസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു. അയ്യപ്പ സേവ സമാജവും പന്തളം കൊട്ടാരം പ്രതിനിധികളും യോഗം ചേര്‍ന്നു.

ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടിയാല്‍ അംഗീകരിക്കില്ലെന്നു പന്തളം രാജകുടുംബം അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജി നല്‍കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണം. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ അയവുണ്ടായതില്‍ പ്രതീക്ഷയുണ്ട്.

അതേസമയം ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അറിയിക്കുമെന്നും അവ അംഗീകരിച്ചാല്‍ മാത്രമേ മുന്നോട്ടു പോകുവെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയ തന്ത്രി കുടുംബവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രശ്‌നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ചര്‍ച്ച മുന്‍ വിധിയോടെ അല്ല. നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല.

Top