നിയമ പോര്‍മുഖം തുറന്ന് ബിജെപി; പരാതികള്‍ ഉന്നയിച്ച് സര്‍ക്കാരിന് കുരുക്കിടാന്‍ നീക്കം…

ബരിമല വിഷയത്തില്‍ ദ്വിമുഖ സമരതന്ത്രം പയറ്റാന്‍ ബിജെപി. പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം നിയമപരമായ പോരാട്ടവും സംഘപരിവാര്‍ സംഘടനകള്‍ നടത്തും. ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പട്ടികജാതി കമ്മീഷനിലും ഇതിനോടകം പരാതികള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ദേശീയ പട്ടിക ജാതി കമ്മീഷനെ പരാതിയുമായി സമീപിച്ചത് പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പി സുധീറാണ്. ശബരിമലയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സുധീറിനെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ചിത്തിര ആട്ട ഉത്സവ സമയത്ത് കെ സുരേന്ദ്രനും വി.വി രാജേഷിനുമൊപ്പം സന്നിധാനത്ത് ഭക്ത ജന പ്രക്ഷോഭം നയിച്ചവരില്‍ സുധീറുമുണ്ടായിരുന്നു. ഈ പശ്ചാത്തലം കണക്കിലെടുത്താണ് പോലീസ് സുധീറിനെ കസ്റ്റഡിയിലെടുത്തത്. സുധീര്‍ ദേശീയ പട്ടിക ജാതി കമ്മീഷന് നല്‍കിയ പരാതിയില്‍ പോലീസിന്റെ അക്രമം ഉള്‍പ്പടെയുള്ളവയാണ് ഉന്നയിച്ചിരിക്കുന്നത്.

പോലീസ് രാജ് ആണ് സന്നിധാനത്ത് നടപ്പാക്കുന്നതെന്നും പട്ടികജാതികമ്മീഷന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് ആവശ്യം. പരാതി പരിഗണിച്ച കമ്മീഷന്‍ ഉടനെ തന്നെ നടപടികളിലേക്ക് കടക്കുമെന്ന് ഇതിനോടകം അറിയിക്കുകയും ചെയ്തു.. മനുഷ്യാവകാശ കമ്മീഷനിലും, പിന്നാലെ വനിതാ കമ്മീഷനിലും പരാതികള്‍ നല്‍കും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്മീഷനുകള്‍ മുമ്പാകെ വിശദീകരണം നല്‍കേണ്ടി വരും.

Sabarimala_Protests_PTI1

ഇങ്ങനെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് ഈ പരാതികള്‍ക്ക് കഴിയും, ഇതോടൊപ്പം വിശ്വാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭം കൂടുതല്‍ മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനം .ഇങ്ങനെ പ്രക്ഷോഭങ്ങളിലൂടെ രാഷ്ട്രീയമായി ജനപിന്തുണ നേടുകയും ഒപ്പം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയെ സംബന്ധിച്ചടുത്തോളം കേരളത്തില്‍ ഏറ്റവും അനുകൂല സമയമാണെന്ന കണക്കുക്കൂട്ടലില്‍ തന്നെയാണ് ബിജെപിയും സംഘപരിവാറും പ്രതിഷേധങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത്. അതു കൊണ്ട് തന്നെ ദേശീയ നേതൃത്വവും ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിജെപിയെ കാര്യമായി തന്നെ സഹായിക്കുന്നുണ്ട്.

sabarimala

അതിനാല്‍ തന്നെ കേന്ദ്ര മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിഷയത്തെ ഗൗരവമായാണ് സമീപിക്കുന്നത്. ഇതിന്റെ തെളിവാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണന്താനത്തിന്റെയും എം പിമാരായ വി മുരളീധരന്റെയും നളിന്‍ കുമാര്‍ കട്ടീലിന്റെയും ശബരിമല സന്ദര്‍ശനം. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയിലെത്തിക്കുന്നതിന് മുമ്പായി സംസ്ഥാന സര്‍ക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കാനാണ് ബിജെപി നീക്കം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പല ഘട്ടത്തിലും ബിജെപിക്ക് പിന്നിലായത് ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്

Top