ശ്രീധരൻപിള്ളക്കെതിരെ കലാപക്കൊടി ഉയർത്തി സംഘപരിവാർ പ്രവർത്തകർ . .

ബരിമല വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെതിരെ ഒരു വിഭാഗം ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പാര്‍ട്ടിയുടെ ആത്മാഭിമാനമാണ് ഇടതു സര്‍ക്കാറിനു മുന്നില്‍ നേതൃത്വം പണയം വെച്ചതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും വിചാരിച്ചിടത്ത് സംഘ പരിവാര്‍ സമരം എത്തിച്ചതില്‍ കടുത്ത എതിര്‍പ്പാണ് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തില്‍ പുകയുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പരാതിയുമായി സംസ്ഥാനത്തെ ചില നേതാക്കള്‍ ആര്‍എസ്എസ് ദേശീയ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലക്ക് പിള്ള പരാജയമാണെന്നാണ് സംസ്ഥാന ആര്‍.എസ്.എസ്- ബിജെപി നേതാക്കള്‍ സംഘപരിവാര്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ശബരിമല വിഷയത്തില്‍ ഭക്തര്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഒപ്പമായിരുന്നു. എന്നാല്‍, യുവമോര്‍ച്ച യോഗത്തിലെ പിള്ളയുടെ പ്രസംഗവും ശബരിമല പ്രതിഷേധത്തിന് നേതാക്കളെ നിയോഗിച്ച സര്‍ക്കുലര്‍ പുറത്തായതും തിരിച്ചടിയായെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി ഉയര്‍ത്തിയ പ്രതിഷേധവും അതിലൂടെ കൈവരിച്ച നേട്ടവും ശ്രീധരന്‍ പിള്ള കളഞ്ഞുകുളിച്ചതായി പരാതിയില്‍ പറയുന്നു.

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിച്ചതിനു ശേഷമാണ് സമരം പിന്‍വലിച്ചതെങ്കില്‍ അതിനൊരു മാന്യത ഉണ്ടാകുമായിരുന്നു എന്ന അഭിപ്രായത്തിനാണ് സംഘപരിവാര്‍ അണികളിലും മുന്‍തൂക്കം.

ശബരിമലയിലെ പ്രതിഷേധം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റണമെന്ന മുഖ്യമന്തിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും ആവശ്യം നിറവേറ്റിയത് വലിയ പൊട്ടിത്തെറി തന്നെയാണ് ബി.ജെ.പിയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ബി.ജെ.പി ദേശീയ സമിതി അംഗം വി.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ തീരുമാനം അറിഞ്ഞ ഉടനെ തന്നെ വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് കൂട്ട പരാതികള്‍ ആര്‍.എസ്.എസ് – ബി.ജെ.പി കേന്ദ്ര നേതൃത്വത്തിലേക്ക് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.

ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും സമരത്തില്‍ നിന്നും പിന്‍മാറാനോ ഒത്തുതീര്‍പ്പുണ്ടാക്കാനോ കഴിയില്ലെന്ന മുരളീധരന്റെ പ്രസ്താവന തന്നെ സംസ്ഥാന നേതൃത്വത്തിനുള്ള ശക്തമായ ഒളിയമ്പാണ്. പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ.രാജഗോപാല്‍ സമര വിഷയം യുവതീ പ്രവേശമല്ലെന്നും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് എന്നു പറഞ്ഞതും അണികളെ കൂടുതല്‍ പ്രകോപിപിച്ചിട്ടുണ്ട്.

സര്‍ക്കാരുമായി ഒരു ഒത്തു തീര്‍പ്പിനും വഴങ്ങാതിരുന്ന ബി.ജെ.പിക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്ന പാര്‍ട്ടി എം.എല്‍.എയുടെ നിലപാടാണ് തിരിച്ചടിയായത്.

ആരുമായും സന്ധി ചെയ്താലും ഒരു സി.പി.എമ്മുകാരന്റെ മുന്നിലും തലകുനിക്കരുതെന്ന് ആഗ്രഹിക്കുന്ന സംഘപരിവാര്‍ അണികളുടെ കോപത്തില്‍ നിന്നും രക്ഷപ്പെടാന്‍ വഴി മാറി നടക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ ഇടതു സര്‍ക്കാര്‍ വേട്ടയാടുന്നതിനെതിരെ കാര്യമായ ഇടപെടല്‍ പാര്‍ട്ടി നടത്തുന്നില്ലെന്ന ആക്ഷേപവും സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. വാറണ്ടുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിക്കകത്ത് ഉള്ളതിനാല്‍ സ്വയം രക്ഷകരുതിയാണ് ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുന്നതെന്നാണ് പരിഹാസം.

സുരേന്ദ്രനെ അറസ്റ്റു ചെയ്തതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയാത്തത് അണികള്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും നാണക്കേട് ഉണ്ടാക്കിയെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

സി.പി.എമ്മിന്റെ ഒരു സംസ്ഥാന നേതാവിനാണ് ഇത്തരത്തില്‍ യു.ഡി.എഫ് ഭരണത്തില്‍ അനുഭവം ഉണ്ടാകുന്നതെങ്കില്‍ അവര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ചോദ്യത്തിനു മുന്നില്‍ ചുട്ടുപൊള്ളുകയാണ് സംഘ പരിവാര്‍ നേതൃത്വം.

നേതാക്കള്‍ തമ്മിലുള്ള ഭിന്നത പാര്‍ട്ടി പ്രഖ്യാപിച്ച സമരത്തിന് നേതൃത്വം കൊടുത്ത നേതാവിനോട് പ്രതിസന്ധി ഘട്ടത്തിലും തുടരാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന മുന്നറിയിപ്പ് സംസ്ഥാന നേതൃത്വത്തിന് അണികളുടെ ഭാഗത്ത് നിന്നും ഉണ്ടായതായാണ് ലഭിക്കുന്ന വിവരം. ഇതു കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ സുരേന്ദ്രനെ പുറത്തിറക്കാന്‍ നിയമ നടപടി ബി.ജെ.പി വേഗത്തിലാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: സുനില്‍ നാരായണന്‍

Top