ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് ;കെ.സുരേന്ദ്രന്‍ ഡിസംബര്‍ 6 വരെ റിമാന്‍ഡില്‍

K Surendran

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രന്റെ അറസ്റ്റ് വ്യാഴാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

തന്നെ ജയിലില്‍ അടയ്ക്കാന്‍ ആസൂത്രിത നീക്കമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. യുവതീപ്രവേശനം ആസൂത്രിതമായി നടപ്പാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നീക്കം നടക്കാന്‍ പോകുന്നില്ല. സത്യം പുറത്തുകൊണ്ടുവന്ന് കൂടുതല്‍ ശക്തമായി പൊതുരംഗത്തെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top