ശബരിമല യുവതീപ്രവേശനം; ഒമ്പതംഗ ബെഞ്ച് 23 ദിവസം വാദം കേൾക്കും

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചിന് മുമ്പാകെ വാദിക്കാന്‍ 22 ദിവസത്തെ സമയം മാത്രമേയുള്ളൂ. സുപ്രീംകോടതിയില്‍ സെക്രട്ടറി ജനറല്‍ വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഫബ്രുവരി മൂന്നിനാണ് കേസ് വിശാല ബെഞ്ച് പരിഗണിക്കുക. കേസില്‍ വാദിക്കാന്‍ രണ്ടു വിഭാഗങ്ങള്‍ക്കും പത്ത് ദിവസം വീതം നല്‍കാന്‍ സെക്രട്ടറി ജനറല്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. ഓരോ ദിവസം മറുപടി വാദത്തിനായി ഇരുകൂട്ടര്‍ക്കും നല്‍കിയിട്ടുണ്ട്. തുല്യതക്കും മതാനുഷ്ടാനത്തിനുമുള്ള അവകാശം സംബന്ധിച്ച ഏഴ് ചോദ്യങ്ങളാണ് വിശാല ബെഞ്ചിന് മുമ്പാകെയുള്ളത്.ചോദ്യങ്ങള്‍ ക്രമപ്പെടുത്തുകയും ആവശ്യമെങ്കില്‍ ഉപചോദ്യങ്ങള്‍ ഉള്‍പ്പെടുത്താമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അക്കാര്യങ്ങളിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

ഫെബ്രുവരി രണ്ടാംവാരം മുതല്‍ കേസില്‍ അന്തിമവാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഒമ്പതംഗ ബഞ്ചിലെ മറ്റംഗങ്ങള്‍.

ശബരിമല യുവതീപ്രവേശനത്തില്‍ ഒമ്പതംഗ ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും, വാദങ്ങള്‍ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ ഇന്ന് അഭിഭാഷകരുടെ യോഗം വിളിച്ച് ചേര്‍ത്തത്. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര ജയ്സിംഗ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കായിരുന്നു യോഗത്തിന്റെ ചുമതല.

ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്നും ആരാധനയ്ക്ക് തുല്യാവകാശമുണ്ടെന്നുമുള്ള ചരിത്ര വിധി പുറപ്പെടുവിച്ചത് 2018 സെപ്റ്റംബര്‍ 28-നായിരുന്നു.

എന്നാല്‍ ഈ വിധിക്കെതിരെ 56 പുനഃപരിശോധനാഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന്, പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുനഃപരിശോധനാഹര്‍ജികളെല്ലാം തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. പിന്നീട് എത്തിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, കേസ് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചത്.

Top