ശബരിമല കേസില്‍ പുനഃപ്പരിശോധന നടത്തുന്നതിലെ പരിമിതമായ അധികാരത്തില്‍ അഞ്ചംഗ ബെഞ്ചിന്, നിയമപരമായ ചോദ്യങ്ങള്‍ വിശാല ബെഞ്ചിന് നല്‍കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഏഴ് ചോദ്യങ്ങളാണ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ പരിശോധനയ്ക്കായി തയ്യാറാക്കിയത്.
ഭരണഘടനയ്ക്ക് കീഴില്‍ മതപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങള്‍. ഫെബ്രുവരി 17 മുതല്‍ ദിവസേന വിഷയത്തില്‍ വിചാരണ നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. വിവിധ മതങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ചാണ് ഈ ചോദ്യങ്ങള്‍. ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും ബെഞ്ച് പരിശോധിക്കും.
ഹിന്ദു വിഭാഗങ്ങള്‍ എന്നതിന്റെ അര്‍ത്ഥമാണ് ജുഡീഷ്യല്‍ റിവ്യൂവില്‍ വരുന്ന മറ്റൊരു വിഷയം. ഒരു പ്രത്യേക മതത്തിലോ, വിഭാഗത്തിലോ പെടാത്തവര്‍ ആ മതത്തിന്റെ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യുന്നതിന് അധികാരം നല്‍കണോയെന്നും കോടതി പരിശോധിക്കും. കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദങ്ങള്‍ക്ക് തുടക്കമിടും.
ശബരിമല കേസിന് പുറമെ പള്ളികളിലും, ദര്‍ഗ്ഗയിലും മുസ്ലീം സ്ത്രീകളുടെ പ്രവേശനവും, പാഴ്‌സി ഇതര പുരുഷന്‍മാരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ അഗിയാരി പ്രവേശനവും വിശാല ബെഞ്ചിന് മുന്നിലെത്തും. 2018 സെപ്റ്റംബറിലാണ് പരമോന്നത കോടതി 41 ഭൂരിപക്ഷത്തില്‍ ശബരമിലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചത്. ഇതിനെതിരെ പുനഃപ്പരിശോധന വന്നപ്പോഴാണ് ശബരിമലയില്‍ മാത്രമല്ല ഈ സ്ത്രീവിരുദ്ധതയെന്ന് കോടതി ചൂണ്ടിക്കാണിച്ചത്.