ശബരിമല യുവതീ പ്രവേശനവും ഹർത്താലും മൂലം സജീവമായത് സംഘ പരിവാറിന്റെയും സി.പി.എമ്മിന്റെയും സംഘടനാ സംവിധാനം.
വനിതാ മതിൽ നൽകിയ ആത്മവിശ്വാസം ശബരിമല യുവതീ പ്രവേശനത്തിൽ തട്ടിതെറിച്ചു എന്ന പ്രചരണങ്ങൾക്കിടയിലും ഹർത്താലിനെ എതിർത്തതാണ് സി.പി.എമ്മിന് നേട്ടമായത്.
പാർട്ടി പ്രവർത്തകർക്കു പുറമെ വർഗ്ഗ ബഹുജന സംഘടനകളിൽ ഡി.വൈ.എഫ്.ഐയും സി.ഐ.ടി യുവും എസ്.എഫ്.ഐയുമെല്ലാം സജീവമായി സംഘപരിവാർ സംഘടനകൾക്കെതിരെ പരസ്യമായി രംഗത്തിറങ്ങി.
പാർട്ടി ഓഫീസുകളും കൊടികളും തകർത്ത ആർ.എസ്.എസ് – ബി.ജെ.പി നടപടിയാണ് സി.പി.എം അണികളെ തെരുവിലിറക്കിയത്. ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ച തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഉണ്ടായി.
ഹർത്താൽ പരാജയപ്പെടുത്താൻ പാർട്ടി നിർദ്ദേശം ലഭിച്ചതും സി.പി.എം പ്രവർത്തകർ വ്യാപകമായി രംഗത്തിറങ്ങാൻ കാരണമായി. പല ഇടത്തും കടകൾ തുറപ്പിച്ചത് സി.പി.എം പ്രാദേശിക നേതാക്കൾ നേരിട്ട് ഇടപെട്ടാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കാൻ ആഹ്വാനം ചെയ്തതിനാൽ ഒരു വിഭാഗം സ്വമേധയാ കടകൾ തുറക്കാൻ നേരത്തെ തന്നെ തയ്യാറായിരുന്നു.
കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ഇറങ്ങിയ സംഘപരിവാർ പ്രവർത്തകർ സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ മറുഭാഗത്ത് സി.പി.എം പ്രവർത്തകരും സംഘടിച്ചു.
സംഘടനാ പ്രവർത്തനങ്ങളിൽ നിർജീവമായിരുന്നവരെയും ആർ.എസ്.എസ് വിരുദ്ധരെയും ചെങ്കൊടിക്കു കീഴിൽ നിർത്താൻ ഇതുവഴി സി.പി.എമ്മിനു കഴിഞ്ഞു. മുസ്ലീം ലീഗും കോൺഗ്രസ്സും മാറി നിന്ന കളത്തിൽ സംഘപരിവാറിനെതിരെ ഹർത്താൽ ദിനത്തിൽ നിറഞ്ഞാടിയത് സി.പി.എം പ്രവർത്തകരായിരുന്നു.
ആക്രമണത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളിലും ഹർത്താൽ വിജയിപ്പിക്കാൻ സംഘപരിവാർ നടത്തിയ പ്രകടനങ്ങളിലും വലിയ ജനപങ്കാളിത്വമാണ് ഉണ്ടായത്.
ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സംഘപരിവാറുമായി എപ്പോഴും പൊരുതുന്നതിൽ മുമ്പിൽ സി.പി.എം തന്നെയാണെന്ന് വീണ്ടും ബോധ്യപ്പെടുത്താൻ ഹർത്താൽ പ്രതിരോധം ചെമ്പടക്ക് വഴി ഒരുക്കി.
ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർക്കുന്നവർക്കിടയിൽ വലിയ പിന്തുണ കാവിപ്പടക്കാണെന്ന് ബോധ്യപ്പെടുത്താൻ ബി.ജെ.പി- ആർ.എസ്. എസ് സംഘടനകൾക്കും കഴിഞ്ഞു.കോൺഗ്രസ്സിനൊപ്പം നിന്ന ഹൈന്ദവ വോട്ട് ബാങ്കിൽ നല്ലൊരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതായാണ് ബി.ജെ.പി വിലയിരുത്തുന്നത്.
മുസ്ലീം ലീഗ് – കോൺഗ്രസ്സ് നേതാക്കൾ നിശബ്ദരായി നിന്നടത്ത് അവരുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കുന്ന ഇടപെടലായിരുന്നു സി.പി.എമ്മും പ്രധാനമായും നടത്തിയത്. ഭൂരിപക്ഷ പിന്തുണ നിലനിർത്തുന്നതോടൊപ്പം ന്യുനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഇപ്പോൾ വലിയ രൂപത്തിൽ ലഭിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ.
മാധ്യമ പ്രവർത്തകരെ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതോടെ മാധ്യമങ്ങൾ സംഘപരിവാറിന് എതിരായതും സി.പി.എമ്മിനു ഗുണമായി.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെയും സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെയും പത്രസമ്മേളനം തന്നെ ബി.ജെ.പി ബഹിഷ്ക്കരിച്ചു. ഇതേ തുടർന്ന് ബി.ജെ.പി നേതാക്കൾ ചാനലുകളിലെ രാത്രി ചർച്ചകളും ബഹിഷ്ക്കരിച്ചു. ഫലത്തിൽ ഹർത്താൽ സംബന്ധമായ വിശദീകരണം നൽകാനുള്ള സാഹചര്യമാണ് ഇതോടെ കാവിപടക്ക് നഷ്ടമായത്. സി.പി.എം പ്രതിനിധികളാകട്ടെ ഈ അവസരം ശരിക്കും ഉപയോഗിക്കുകയും ചെയ്തു.
ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതികരണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം മാധ്യമങ്ങളിൽ നിന്നും ലഭിച്ചില്ല.
യുവതികൾ ശബരിമലയിൽ കയറേണ്ടതില്ലന്ന നിലപാടുള്ള ഹൈന്ദവ വിഭാഗത്തിൽ സംഘപരിവാർ നേതൃത്വം നൽകുന്ന ശബരിമല കർമ്മസമിതിക്ക് തന്നെയാണ് സ്വീകാര്യത കൂടുതലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും സ്ത്രീ-പുരുഷ സമത്വം നടപ്പാക്കണമെന്നും ആഗ്രഹിക്കുന്നവരാകട്ടെ പിന്തുണക്കുന്നത് സി.പി.എം നിലപാടിനെയുമാണ്.
ഫലത്തിൽ ആകെ വെട്ടിലായത് കോൺഗ്രസ്സും യു.ഡി.എഫ് നേതൃത്വവുമാണ്. മുന്നണിക്ക് ലഭിച്ചുകൊണ്ടിരുന്ന ഹൈന്ദവ വോട്ട് ബാങ്കിൽ നല്ലൊരു വിഭാഗം ബി.ജെ.പി കൊണ്ടു പോകുമോ എന്നാതാണ് ഇപ്പോൾ കോൺഗ്രസ്സ് നേതാക്കളുടെ ഭയം.
അങ്ങനെ സംഭവിച്ചാൽ ലോകസഭ തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകുന്ന ഇടതു മുന്നണി മൃഗീയ ഭൂരിപക്ഷത്തിൽ തൂത്തുവാരുമെന്നാണ് നേതൃത്വം ആശങ്കപ്പെടുന്നത്.
മുഖ്യ പ്രതിപക്ഷമെന്ന നിലയിൽ യു.ഡി.എഫ് പരാജയമാകുന്നതും, സംഘർഷമുണ്ടാക്കി ആയാലും ബി.ജെ.പി പ്രതിപക്ഷ റോളിൽ സജീവമാകുന്നതും യു.ഡി.എഫിനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.എൻ.എസ്.എസ് സംഘപരിവാറിനോട് സഹകരിക്കുന്നത് ഏറെ വെല്ലുവിളി ഉയർത്തുന്നതും കോൺഗ്രസ്സിനാണ്.
നിലവിൽ സംസ്ഥാനത്ത് നിന്നുള്ള 20 ലോകസഭ സീറ്റിൽ 8 എണ്ണത്തിൽ മാത്രമാണ് ഇടതുപക്ഷം കഴിഞ്ഞ തവണ ജയിച്ചത്. ഇതിൽ സ്വതന്ത്രരടക്കം ഏഴു പേർ സി.പി.എമ്മിൽ നിന്നും ഒരാൾ സി.പി.ഐയിൽ നിന്നുമാണ്. യു.ഡി.എഫിനു ലഭിച്ച 12 സീറ്റിൽ 9 ഉം കോൺഗ്രസ്സിനാണ്. രണ്ട് സീറ്റ് ലീഗിനും മറ്റൊന്ന് കേരള കോൺഗ്രസ്സിനുമാണ്.ഈ മേധാവിത്വം തുടരാൻ ന്യൂനപക്ഷ വോട്ടിനൊപ്പം ഭൂരിപക്ഷ വോട്ടും നിലനിർത്തേണ്ടത് യു.ഡി.എഫിനെ സംബന്ധിച്ച് അനിവാര്യമാണ്.
ഏത് പ്രതികൂല സാഹചര്യത്തിലും മലപ്പുറവും പൊന്നാനിയും വയനാടും എറണാകുളവും ഉറപ്പിച്ചാൽ പോലും ബാക്കി 8 സിറ്റിംങ് സീറ്റുകളിലെ വിജയ പ്രതീക്ഷ ഇപ്പോഴും ത്രിശങ്കുവിലാണ്.
ഇടതുപക്ഷത്ത് നിന്നും കാസർഗോഡും ആലത്തൂരും പാലക്കാടും ഒഴികെ ബാക്കി 5 സീറ്റും പിടിച്ചെടുത്ത് 17 സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിൻമേലാണ് കാവിപ്പട ഇപ്പോൾ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. തിരുവനന്തപുരം സീറ്റെങ്കിലും പിടിച്ചെടുക്കുക, വോട്ടിങ്ങ് ശതമാനം വർദ്ധിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ മിനിമം ആഗ്രഹം. അധികമായി ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിന്റേതാകും എന്നാണ് വനിതാ മതിൽ വിജയം ചൂണ്ടിക്കാട്ടി ചെമ്പട വാദിക്കുന്നത്.
ഈ കണക്കുകൂട്ടലിന്റെ പിൻബലത്തിൽ വലിയ ആത്മവിശ്വാസത്തിലാണ് സി.പി.എം നേതൃത്വം.