ശബരിമല ചര്‍ച്ചയില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല

sabarimala

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം. പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പങ്കെടുക്കണമോ എന്ന് തീരുമാനിക്കാന്‍ കൊട്ടാര പ്രതിനിധികള്‍ തന്ത്രി അടക്കമുള്ളവരെ കാണും.

സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സര്‍ക്കാരിന് 24 മണിക്കൂര്‍ കൂടി നല്‍കുന്നു. സര്‍ക്കാര്‍ തന്ത്രി കുടുംബവുമായി നടത്തുന്ന ചര്‍ച്ചയില്‍ വിശ്വാസമില്ല. നട തുറക്കുന്ന 18 ന് ശബരിമലയില്‍ വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിച്ചാലും ബിജെപി പിന്തുണയ്ക്കുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം മലയ്ക്ക് പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്നും എല്ലാ വിശ്വാസികള്‍ക്കും സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും ആര്‍എസ്എസിന്റേത് സങ്കുചിത രാഷ്ട്രീയക്കളിയാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.

എന്‍.ഡി.എ. നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിച്ച യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ അറിയിച്ചു.

Top