ശബരിമല വിവാദം; സി.പി.എമ്മിന് വീണ്ടും പറ്റിയത് ചരിത്രപരമായ മണ്ടത്തരം . .

ജാതി കോമരങ്ങളും വര്‍ഗ്ഗീയ വാദികളും അഴിഞ്ഞാടിയ കേരളത്തിന്റെ മണ്ണ് ഉഴുതുമറിച്ച് പാകപ്പെടുത്തിയവരാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍. . .

വിശക്കുന്നവന്റെ വയറിന്റെ രോദനം കണ്ട, അവന് തല ചായ്ക്കാന്‍ സ്വന്തമായി ഭൂമി നല്‍കിയ ചെങ്കൊടി പ്രസ്ഥാനത്തെ മാറോടണച്ച ഒരു ജനതയുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്.

വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനൊപ്പം തന്നെ നിലവിലെ ജീവിത സാഹചര്യത്തില്‍ മനസ്സില്‍ ദേവതാ സങ്കല്‍പ്പം കൊണ്ടു നടക്കന്ന വലിയ വിഭാഗം ജനതയാണ് സംസ്ഥാനത്തുള്ളത്.

ഏറ്റവും അധികം ഹിന്ദു സമുദായ അംഗങ്ങള്‍ ഇവിടെ വോട്ട് ചെയ്യുന്നതും സി.പി.എമ്മിനാണ് . . ഇടതുപക്ഷത്തിനാണ്.

കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും കമ്യൂണിസ്റ്റുകളില്ലാത്ത ഒരു കേരളത്തെ കുറിച്ച് ചിന്തിക്കാന്‍ സാധ്യതയില്ല.

പി.കൃഷ്ണപിള്ളയും, എ.കെ.ജിയും അഴീക്കോടനും, കേളപ്പനും ഇ.എം.എസുമെല്ലാം മലയാളിയെ സംബന്ധിച്ച് ഒരിക്കലും മറക്കാത്ത വീരനായകരാണ്.

പ്രത്യാഘാതം അവഗണിച്ച് പാര്‍ട്ടി നിലപാടില്‍ ഉറച്ച് നിന്ന് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭയപ്പെടാത്ത പാര്‍ട്ടിയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍. പ്രത്യേകിച്ച് സി.പി.എം.

CPM

ചരിത്രപരമായ വിഡ്ഡിത്തമെന്ന് പിന്നീട് പാര്‍ട്ടി നേതാക്കള്‍ പോലും അഭിപ്രായപ്പെട്ട ജോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള ഓഫര്‍ നിരസിച്ച ഒറ്റ സംഭവം മതി സി.പി.എമ്മിന്റെ നിലപാടിലെ കാര്‍ക്കശ്യം അറിയാന്‍.

തങ്ങള്‍ക്ക് കൃത്യമായി ഇടപെടാനും നയങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതുമായ സര്‍ക്കാറില്‍ ചേരില്ല എന്ന സി.പി.എം തീരുമാനം ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു.

എന്നും ചെങ്കൊടിയെ പിന്തുണച്ച ഈ വിശ്വാസി സമൂഹത്തിന് ഹിതകരമായ നിലപാടല്ല ഇപ്പാള്‍ സി.പി.എമ്മും കേരള സര്‍ക്കാറും സ്വീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ സഭയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവു വന്നപ്പോള്‍ സ്വീകരിച്ച നിലപാട് ഓര്‍ത്തിട്ടു വേണമായിരുന്നു ശബരിമല വിഷയത്തിലും നിലപാട് സ്വീകരിക്കാന്‍.

ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ നിലപാട് ഉള്‍ക്കൊണ്ട് സുപ്രീം കോടതിയില്‍ ഒരു അപ്പീല്‍ നല്‍കിയാല്‍ ചെറുതാകുന്നതല്ല കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം.

ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് ഉത്തരവ് നടപ്പാക്കുന്നതിന് താല്‍ക്കാലികമായാണെങ്കില്‍ പോലും ഒരു സ്റ്റേ വാങ്ങാന്‍ ഇനിയും സമയമുണ്ട്.

ആ വഴിക്ക് ചിന്തിക്കാതെ നാട്ടില്‍ അരാജകത്വം ഉണ്ടാക്കാന്‍ വീണ്ടും വീണ്ടും ‘തൃപ്തി’വരാതെ പ്രകോപനം ഉണ്ടാക്കുന്നവര്‍ക്ക് കുട പിടിക്കാന്‍ ശ്രമിക്കരുത്.

വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരത്തിന്‍മേല്‍ പൊളിച്ചെഴുത്ത് നടത്തുന്നത് ആരായാലും വിശ്വാസികള്‍ക്ക് നോവും. അത് സ്വാഭാവികമാണ്.

യുവതി പ്രവേശനത്തിനെതിരെ ഇപ്പോള്‍ പ്രതിഷേധ കൊടി ഉയര്‍ത്തി തെരുവിലിറങ്ങിയവരില്‍ ഭൂരിപക്ഷവും യുവതികളാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം നിലപാടു സ്വീകരിക്കാന്‍. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരങ്ങളുണ്ട്. അത് തെറ്റിയാല്‍ വിശ്വാസികളുടെ മനസ്സിന് മുറിവേല്‍ക്കും.

കേരളം മുഖം തിരിച്ച കാവി രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി ഇവിടം പാകപ്പെടുത്തുന്നതില്‍ ശബരിമല വിവാദവും പ്രക്ഷോഭങ്ങളും നിര്‍ണ്ണായക പങ്കു വഹിച്ചുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയില്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഒരിക്കലും സി.പി.എം നേതൃത്വത്തിന് ഇനി കഴിയുകയില്ല.

പ്രത്യയശാസ്ത്രത്തിലുള്ള വിശ്വാസമായാലും ദൈവത്തിലുള്ള വിശ്വാസമായാലും രണ്ടും മനുഷ്യന്റെ ജീവിതത്തിലെ വഴിവിളക്കുകളാണ്.

നിരീശ്വരവാദികളായ സി.പി.എം അംഗങ്ങള്‍ മാത്രം വോട്ട് ചെയ്താല്‍ ഒരു വാര്‍ഡില്‍ പോലും ചെങ്കൊടി പ്രസ്ഥാനം വിജയിക്കില്ല.

വിശ്വാസികളായ ലക്ഷക്കണക്കിന് പാര്‍ട്ടി അനുഭാവികളും പൊതു സമൂഹവും നല്‍കുന്ന പിന്തുണ കൊണ്ടു മാത്രമാണ് ഇന്നും കേരളത്തില്‍ ചുവപ്പ് രാഷ്ട്രീയം കരുത്തുറ്റു നില്‍ക്കുന്നത്.

sabarimala protest

ബംഗാളിലും ത്രിപുരയിലും ചുവപ്പിനെ തുടച്ചു നീക്കിയപ്പോള്‍ പകരം വന്നത് കാവി രാഷ്ട്രീയമാണെന്ന യാഥാര്‍ത്ഥ്യം ഓര്‍ത്തിട്ടു വേണമായിരുന്നു സെന്‍സിറ്റീവായ ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടിയരുന്നത്.

ഭരണകൂടങ്ങളും ജുഡീഷ്യറിയും എക്‌സിക്യുട്ടീവും എല്ലാം വരേണ്യവര്‍ഗ്ഗത്തിന്റെ മര്‍ദ്ദന ഉപകരണങ്ങളെന്ന് മുന്‍പ് ഉച്ചത്തില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ മറന്നാലും കേരളം മറക്കില്ല.

സ്ഥലം മാറിപ്പോയ ചീഫ് ജസ്റ്റിസിന്റെ കോലം കത്തിച്ചത് കൊച്ചിയിലാണ് എന്നതും ആരും മറന്നിട്ടില്ല. നിലപാടുകളിലും വേണം സുതാര്യത.

നിയമം നടപ്പാക്കണം. . . അതില്‍ തര്‍ക്കമില്ല, പക്ഷേ അത് പക്ഷഭേദമാകരുത്. ഒരു സമുദായത്തിനു മാത്രം ബാധകമായതായി അവര്‍ക്ക് തോന്നുന്ന രൂപത്തില്‍ നടപ്പാക്കുകയും ചെയ്യരുത്.

രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന പോലെ തന്നെ സ്വന്തം മതപരമായ വിശ്വാസം മുന്‍ നിര്‍ത്തി ജീവിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്.

ന്യൂ ജനറേഷന്‍ ‘മാറ്റങ്ങള്‍’ പരമ്പരാഗതമായ വിശ്വാസ പ്രമാണത്തിന്‍മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഏതാനും ചിലര്‍ ശ്രമിച്ചാല്‍ അതിനെതിരെ വികാരമുയരുന്നത് സ്വാഭാവികം മാത്രമാണ്.

team expresskerala

Top