പമ്പ: മണ്ഡലകാലം തുടങ്ങിയിട്ടും ദേവസ്വം ഭാരവാഹികള്‍ ശബരിമലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം. നട തുറന്ന ദിവസം ദര്‍ശനം നടത്തി പത്മകുമാറും ശങ്കരദാസും മടങ്ങി. മണ്ഡലകാലത്ത് ബോര്‍ഡ് ഭാരവാഹികള്‍ സന്നിധാനത്ത് തങ്ങുന്നത് പതിവാണെന്നും ഭാരവാഹികളില്ലാത്തതിനാല്‍ പരാതികള്‍ പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിമിതിയുണ്ടെന്നും ആരോപണം ഉയര്‍ന്നു. ദേവസ്വം മരാമത്ത് വിഭാഗം മേധാവിയായ ചീഫ് എഞ്ചിനീയറും സന്നിധാനത്തില്ല.
അതേസമയം ശബരിമലയില്‍ നില നില്‍ക്കുന്ന നിരോധനാജ്ഞയില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചു. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമാണെന്ന് അറിയിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു.
അതേസമയം, സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഇന്നലെ മുതല്‍ ഭാഗികമായി ഇളവ് നല്‍കിയിരുന്നു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.