ശബരിമല ; ശബരിമല തീര്‍ഥാടകര്‍ക്ക് മായംകലര്‍ന്നതോ പഴകിയതോ ആയ ഭക്ഷണം വിതരണം ചെയ്താല്‍ പിടികൂടാന്‍ സഞ്ചരിക്കുന്ന പരിശോധനാ ലാബ് ഒരുക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്.
നിലയ്ക്കലും, എരുമേലിയും കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന ലാബുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. അതതിടങ്ങളിലെ കടകളില്‍ നേരിട്ടെത്തി സംശയകരമായ ഭക്ഷണ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കും. ഇവ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച് നടപടിയെടുക്കും.
ശബരിമലയിലെ അപ്പം, അരവണ നിര്‍മിക്കുന്നതിന് ആവശ്യമായ സാധനങ്ങളുടെ ഗുണനിലവാരവും ഇവര്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ അരവണ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും സാമ്പിളുകള്‍ എടുത്ത് ഗുണനിലവാരം പരിശോധിക്കുന്നതിനും സന്നിധാനത്ത് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിദിനം 200ല്‍ പരം ഭക്ഷ്യസാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ശീതള പാനീയങ്ങള്‍, കുടിവെള്ളം, ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയുടെ പ്രാഥമിക പരിശോധനകളാണ് ലാബില്‍ നടക്കുക. മായം കണ്ടെത്തുന്ന സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയയ്ക്കും. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ വ്യാപാരിക്ക് നോട്ടീസ് നല്‍കുകയും വില്പ്പന നിര്‍ത്തി വയ്പ്പിക്കുകയും ചെയ്യും.
ഒരു ജൂനിയര്‍ റിസര്‍ച്ച് ഓഫീസറും ഒരു ടെക്നിക്കല്‍ അസിസ്റ്റന്റുമാണ് പരിശോധനാ ലാബില്‍ ഉള്ളത്.