തിരുവനന്തപുരം: ചിരപുരാതനമായ ആചാരം ലംഘിച്ച് പരിപാവനമായ ശബരിമല സന്നിധാനം കളങ്കപ്പെടുത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക ജനരോഷമാണ് ഇന്ന് സംസ്ഥാനത്ത് കണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.
നിര്‍ഭാഗ്യവശാല്‍ ഈ ജനരോഷത്തിനിടെ ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി രാഷ്ട്രീയ ദുരുദ്ദേശത്തോടെ അഴിച്ചുവിട്ട അക്രമത്തിന്റെ ഉത്തരവാദിത്വം ബിജെപിയില്‍ അടിച്ചേല്‍പിക്കുന്നത് ആരോഗ്യകരമല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പലയിടങ്ങളിലും, സംഘടിതമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ഇന്നലെയും ഇന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത് അതാണെന്നും ശ്രീധരന്‍പിള്ള ആരോപിക്കുന്നു.
സംഘര്‍ഷത്തില്‍ കര്‍ത്തവ്യനിര്‍വ്വഹണത്തിന് എത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു എന്നത് ഖേദകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും, ശ്രമവും എല്ലാഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വിശദമാക്കി.
ബിജെപിയെ ബഹിഷ്‌കരിക്കാനുളള ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനവും നിര്‍ഭാഗ്യകരമാണ്. ഒരു പക്ഷെ കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇങ്ങനെ ഒരു മാധ്യമ ബഹിഷ്‌ക്കരണം ഇത് ആദ്യമായിരിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. പൊതുസമൂഹത്തിനു പൊതുവേയും, മാധ്യമസമൂഹത്തിന് പ്രത്യേകിച്ചും ഇത് ഭൂഷണമല്ല. രാഷ്ട്രീയ താല്‍പര്യങ്ങളുടെ ചട്ടുകമായി ചില മാധ്യമ പ്രവര്‍ത്തകര്‍ അധപതിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.