കൊച്ചി : ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍.
അതേസമയം സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഇന്നലെമുതല്‍ ഭാഗികമായി ഇളവ് നല്‍കിയിരുന്നു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഇവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് വിരവച്ച് താമസിക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവര്‍ക്ക് പൊലീസ് സേവനം നല്‍കും. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും വിശ്രമിക്കാനുള്ള അവസരം ഇന്നലെ തന്നെ പൊലീസ് നല്‍കിയിരുന്നു.