തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഐ.ജി മനോജ് എബ്രഹാമിനെ മാറ്റിയെന്ന വാര്‍ത്ത പച്ച കള്ളം. ക്രമസമാധാന ചുമതല തുടര്‍ന്നും ഐ.ജി മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ തന്നെ ആണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
സി.ആര്‍.പി.സി പ്രകാരം ഇവിടെ ഒരു പൊലീസ് നടപടിക്ക് നിര്‍ദ്ദേശം നല്‍കാന്‍ അധികാരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനും പത്തനംതിട്ട എസ്.പി നാരായണനും മാത്രമാണ്. നേരത്തെ നിലയ്ക്കലില്‍ പൊലീസ് നടപടിക്ക് മനോജ് എബ്രഹാം നേതൃത്വം നല്‍കിയതും ഈ അധികാരം ഉപയോഗിച്ചായിരുന്നു.
മുന്‍പ് പമ്പയിലും സന്നിധാനത്തും ചുമതല ഉണ്ടായിരുന്ന ഐ.ജി ശ്രീജിത്തിനെ മാറ്റി പകരം അധികാരം രണ്ടായി വിഭജിച്ച് നല്‍കിയത് മാത്രമാണ് ഇപ്പോഴത്തെ മാറ്റം. പുതിയ ഉത്തരവ് പ്രകാരം സന്നിധാനത്ത് ഐ.ജി പി.വിജയനും പമ്പയില്‍ എം.ആര്‍.അജിത്ത് കുമാറും സുരക്ഷാ ചുമതലക്ക് മേല്‍ നോട്ടം വഹിക്കും. എല്ലാ സീസണിലേയും പോലെ ഈ രണ്ട് സ്ഥലങ്ങളിലും എസ്.പി റാങ്കിലുള്ളവര്‍ക്കുള്ള ചുമതലക്ക് പുറമെയാണിത്.
ഐ.ജിമാരായ വിജയനും അജിത്ത് കുമാറും മനോജ് എബ്രഹാമിന്റെ വളരെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ കൂടിയാണ് എന്നതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മറ്റു സീനിയോരിറ്റി തടസ്സങ്ങള്‍ ഒന്നും തന്നെയില്ല. ക്രമസമാധാന പാലനം സുഗമമാക്കുന്നതിനായി നടത്തിയ ഈ മാറ്റങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുന്നത് തെറ്റിധാരണ പരത്തുന്നതിനാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
അതേ സമയം രഹന ഫാത്തിമ വിവാദത്തില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതാണ് ഐ.ജി ശ്രീജിത്തിനെ മാറ്റാന്‍ കാരണമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.