‘വ്യക്തിപരമായും ജാതിപരമായും ആക്ഷേപിക്കുന്നു’ ;പരാതിയുമായി ഐ.പി.എസ് അസോസിയേഷന്‍

തിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതിപരമായും ആക്ഷേപിക്കുന്നതിനെതിരെ ഐ.പി.എസ് അസോസിയേഷന്‍ രംഗത്ത്. ജുഡീഷ്യറിയില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട പരാതി ഐ.പി.എസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും കൈമാറി.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് നേരിട്ടു ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാക്കുന്നെന്നും, ജുഡീഷ്യറിയില്‍ നിന്നു പോലും പരാമര്‍ശങ്ങളുണ്ടാക്കുന്നതിനാല്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരുമെന്നും അസോസിയേഷന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതില്‍ ഇടപെടലുണ്ടായില്ലെങ്കില്‍ മനോവീര്യം തകര്‍ന്ന കൂട്ടമായി പൊലീസ് മാറുമെന്നും പറയുന്നു. നേരത്തെ നിലയ്ക്കലില്‍ കടുത്ത നിലപാടെടുത്തിരുന്ന ഐ.ജി മനോജ് എബ്രഹാമിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന നിലപാട് ബി ജെ പിയുടെ ഭാഗത്തു നിന്നുണ്ടായപ്പോള്‍ ഐ പി എസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രി കറുത്തവനായതുകൊണ്ടാണ് യതീഷ് ചന്ദ്ര മോശമായി പെരുമാറിയതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.

Top