ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവച്ചു. ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിമാണ് മോദിയുടെ യാത്ര മാറ്റിവച്ചത്.
‘ചില കാരണങ്ങളാല്‍ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം മാറ്റിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’. മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ആദ്യ റാലി പത്തനംതിട്ടയിലായിരുന്നു.
അതേസമയം ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തുണ്ടായത് ഒരുകോടിയിലേറെ രൂപയുടെ നഷ്ടമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 223 അക്രമ സംഭവങ്ങളാണ്. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായത് കൊല്ലം റൂറലിലെന്നും ഡിജിപി പറഞ്ഞു.
ഇരുപത്തിയാറോളം അക്രമ സംഭവങ്ങളാണ് കൊല്ലത്തുണ്ടായത്. അക്രമത്തില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടം ഉണ്ടായി. കൊല്ലം സിറ്റിയില്‍ ഉണ്ടായ 25 അക്രമ സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയിലുണ്ടായ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായതായും ഡിജിപി വിശദീകരിച്ചു.
ഇന്ന് വൈകിട്ട് വരെയുളള കണക്കനുസരിച്ച് 1108 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 1009 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പത്രക്കുറിപ്പിലാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരംഭിച്ച ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ ഊര്‍ജ്ജിതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ വ്യക്തമാക്കി.