തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടാലും വിശ്വാസികള്‍ അംഗീകരിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളോടനുബന്ധിച്ചു മതപാഠശാലകള്‍ ആരംഭിക്കുമെന്നും പ്രയാര്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും മതപാഠശാലകളില്‍ വരുന്നവരെ മാത്രമേ ക്ഷേത്രോപദേശകസമിതികളില്‍ നിയമിക്കൂവെന്നും ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ വ്യക്തമാക്കി.
ശബരിമലയില്‍ എല്ലാവിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം ദേവസ്വം ബോര്‍ഡ് സമര്‍പ്പിക്കുമെന്നു കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എതിരഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ശബരിമലയിലേക്ക് എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നു കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് ഈ മാസം പുനസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ജസ്റ്റിസ് ഗോപാലഗൗഡയെയും മാറ്റി പകരം ജസ്റ്റിസുമാരായ ഭാനുമതി, സി നാഗപ്പന്‍ എന്നിവരെയാണു നിയോഗിച്ചത്. കേസില്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദമാണ് ഇനി കേള്‍ക്കാനുള്ളത്. ഈ സാഹചര്യത്തില്‍ കേസില്‍ ആദ്യം മുതല്‍ വാദം കേള്‍ക്കേണ്ടിവരുമെന്നാണു സൂചന.